തിരുവനന്തപുരത്തുള്ള സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ കലോത്സവം നടക്കുന്ന സമയത്ത് വിജയിയായ പെണ്‍കുട്ടിയെ സഹപാഠികളുടെ സാന്നിദ്ധ്യത്തില്‍ കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ആണ്‍കുട്ടിയെ ഞാന്‍ അഭിനന്ദിക്കുന്നു. രണ്ടാളും മാനസികാരോഗ്യത്തോടെ ഈ സമൂഹത്തില്‍ ജീവിക്കാനര്‍ഹതയുള്ള സമൂഹജീവികളാണ്. നിങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍.
കുട്ടികളുടെ പ്രവര്‍ത്തിയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താതിരുന്ന ബാലവകാശ കമ്മീഷനും അനുമോദനങ്ങള്‍. പക്ഷേ സ്‌കൂളധികൃതര്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ സ്ഥിതി മാറി. ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ ഹൈക്കോടതി റദ്ദ് ചെയ്തു.! ഈ നാടിതെങ്ങോട്ടാണ്…?
സാന്നിദ്ധ്യത്തിലല്ലെങ്കിലും ആലിംഗനത്തില്‍ ഒരു തെറ്റുമില്ല, അതൊരു സ്‌നേഹപ്രകടനം മാത്രമാണ്. പുറത്തുതട്ടി അഭിനന്ദിക്കാമെങ്കില്‍, കൈ പിടിച്ചു കുലുക്കി അഭിനന്ദിക്കാമെങ്കില്‍ ആലിംഗനം ചെയ്തും അഭിനന്ദിക്കാം. ഇവിടെ നടക്കുന്ന സ്പര്‍ശനങ്ങളില്‍ ആലിംഗനം മാത്രമെങ്ങനെയാണ് വേറിടുന്നത്..?
ആണിനേയും പെണ്ണിനേയും ആള്‍ദൈവം കെട്ടിപ്പിടിക്കുമ്പോള്‍ ഭക്തിയും ആണും പെണ്ണും കെട്ടിപ്പിടിക്കുമ്പോള്‍ അത് സദാചാരത്തകര്‍ച്ചയുമായി ചിലര്‍ക്ക് തോന്നുന്നത് ആടിനെ പിടിച്ച് വളരെ വേഗം പട്ടിയാക്കാനുള്ള മനോഭാവമാണ്. യഥാര്‍ത്ഥ ജീവിതത്തിലെ അജങ്ങളെവിടെ.. ശ്വാനന്മാരെവിടെ…!
ഇതേത്തുടര്‍ന്ന് ആ സ്‌കൂളിലെ ഒരു അധ്യാപകന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്കിലെഴുതിയിട്ട ഒരു സാങ്കല്‍പ്പിക കഥ വായിക്കാനിടയായി. നടന്ന കാര്യത്തെ അലിഗറി മട്ടില്‍ എഴുതിവച്ചിരിക്കുകയാണ് മാന്യന്‍. അതിനകത്ത് ഊറിക്കിടക്കുന്ന വിധേയത്വവും സദാചാരസംരക്ഷണവ്യഗ്രതയും കണ്ടപ്പോള്‍ അധ്യാപഹയനോട് തോന്നിയ വികാരം ഇവിടെ കുറിക്കാന്‍ വയ്യ.
താന്‍ ജോലി ചെയ്യുന്ന (പഠിപ്പിക്കുന്ന അല്ല, അങ്ങനെ പറയാന്‍ തോന്നുന്നില്ല) സ്‌കൂളിലുണ്ടായ കാര്യത്തില്‍ ഉറച്ച മനസ്സോടെ നിന്ന് തന്റെ അഭിപ്രായം വിളിച്ചുപറയാനുള്ള മാനസികാരോഗ്യമില്ലാത്ത ആ അധ്യാപകനെയാണ് ആദ്യം സ്‌കൂളില്‍ നിന്നും പുറത്താക്കേണ്ടത്. എഴുതിയതിനടിയില്‍ അങ്ങേര് കൂറ് പ്രഖ്യാപിച്ചിട്ടുണ്ട്. ഉണ്ട ചോറിന് നന്ദിയുള്ള നായ എന്ന്. അതെനിക്കിഷ്ടമായി. സ്വയം തിരിച്ചറിയുന്നുണ്ടല്ലോ. അതു നന്ന്.
ഹൈക്കോടതിയും രക്ഷിതാക്കളും അധ്യാപകസംഘവും മാനേജ്‌മെന്റും മറ്റുമെല്ലാം സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് നാട്ടിലെ കപട സദാചാരത്തെയാണ്. സ്‌നേഹിക്കാനുള്ള കുട്ടികളിലുള്ള നൈസര്‍ഗ്ഗികവാസനയെയല്ല. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ തൊടാന്‍ പാടില്ലെന്ന സദാചാരം ഇവിടെ പ്രബലമാകേണ്ടത് ആരുടെ ആവശ്യമാണ് ? ആള്‍ദൈവം കെട്ടിപ്പിടിച്ചാല്‍ ഭക്തി കാണുന്നവര്‍ കുട്ടികളുടെ നിഷ്‌കളങ്കസ്‌നേഹപ്രകടനത്തെ തെറ്റിദ്ധരിക്കുന്നതെന്തിന്…?
നിഷ്‌കളങ്കമല്ല എങ്കില്‍, ഇവിടുത്തെ സദാചാരസമൂഹം കല്‍പ്പിച്ചുകൊടുക്കുന്ന കളങ്കമാണ് അവരുടെ ഈ പ്രവര്‍ത്തിയെങ്കില്‍, ഈ പറയുന്ന ഗുരുനാഥര്‍ എന്നവകാശപ്പെടുന്നവര്‍ ഇങ്ങനെയാണോ ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യേണ്ടത്.?
ഇതൊരുമാതിരി തടിമിടുക്കുള്ളവരെ പണ്ട് പൊലീസിലെടുത്ത് കൈയാമത്തിലൂടെയും കൈക്കരുത്തിലൂടേയും അധികാരസാധ്യതയിലൂടേയും സ്റ്റേറ്റിനിഷ്ടപ്പെട്ട നിയമം നടപ്പാക്കിയ ഏമാന്മാരുടെ കാലത്തെയല്ലേ ഓര്‍മ്മിപ്പിക്കുന്നത്.?
വഴികാട്ടികളാകേണ്ടേ അധ്യാപകര്‍..? അങ്ങനെയായിരുന്നതുകൊണ്ടല്ലേ നാമൊക്കെ ഒരുകാലത്ത് മാതാപിതാഗുരുദൈവം എന്ന് അനുസരിച്ചിട്ടുള്ളത്. ഗുരു വഴികാട്ടിയാവണം. വഴി മുടക്കിയാവരുത്. മുന്നിലെത്തുന്ന കുട്ടികളുടെ സാമൂഹിക, സാമ്പത്തിക, വൈകാരിക സാഹചര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്തവരൊന്നും ശമ്പളം വാങ്ങാനായി അധ്യാപകജോലിക്കു പോകരുത്.
നിങ്ങള്‍ രാജി വച്ച് ശമ്പളം കിട്ടുന്ന വേറെ വല്ല ജോലിക്കും പോകണം. വെറുതെ തലമുറകളെ അന്ധരാക്കരുത്. ക്രിമിനലുകളാക്കരുത്.
ഇപ്പറഞ്ഞ സദാചാരമാനദണ്ഡം വച്ച് നിങ്ങള്‍ കുട്ടികളെ തിരുത്താന്‍ പോവുകയാണെങ്കില്‍ ഭ്രൂണാവസ്ഥയിലെ ചെന്ന് തിരുത്തണ്ടേ വഴികാട്ടികളേ..? ലൈംഗികമായ അറിവുകള്‍ ഭ്രൂണാവസ്ഥയിലെ കുഞ്ഞുങ്ങളാര്‍ജ്ജിക്കുന്നു എന്നു വായിച്ചിട്ടുള്ള ഓര്‍മ്മ വന്നപ്പോള്‍ ചോദിച്ചുപോയതാണ്.
പരസ്യമായി നടത്തിയ അഭിനന്ദന പ്രകടനത്തെ കാമപ്രകടനമായി (ഈ വിഷയത്തില്‍ അത്തരം പരമര്‍ശങ്ങള്‍ മുളച്ചുപൊന്തിയതിനെക്കുറിച്ച് ഞാനിവിടെ വിശദീകരിക്കുന്നില്ല.) കണ്ടെത്തിയ ദൃക്‌സാക്ഷിയേയും നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തവരേയും നടപടിയെടുത്തവരേയും ഓര്‍ത്ത് സഹതാപവും പുച്ഛവും മാത്രം.
ഒരു കാര്യം പറയാം. ഈ നാട് ഇങ്ങനെയായിത്തീരാനല്ല, ഇവിടെ ആയിരക്കണക്കിന് സമരങ്ങള്‍ നടന്നത്. മറ്റു സംസ്ഥാനങ്ങള്‍ പലകാര്യങ്ങള്‍ക്കും ദിനംപ്രതി അധപ്പതിക്കുമ്പോള്‍ അതിനോട് മത്സരിക്കാന്‍ കേരളവും മലയാളികളും നിന്നുകൊടുക്കരുത്.
Get real time update about this post categories directly on your device, subscribe now.