ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്ത് ; ബിജെപിയുടെ നെഞ്ചത്തടിക്കുന്ന കണക്കുകള്‍ ഇതാ

ദില്ലി; രാജ്യമാകെയുള്ള ബിജെപി പ്രവര്‍ത്തകര്‍ ഗുജറാത്തിലെ ആറാം തുടര്‍ ഭരണത്തെ ആഘോഷമാക്കുകയാണ്. എന്നാല്‍ കണക്കുകള്‍ ബിജെപിക്ക് കനത്ത നഷ്ടമാണ് സംഭവിച്ചതെന്ന് അടിവരയിടുന്നതാണ്.

മിഷന്‍ 150 എന്ന് പ്രഖ്യാപിച്ചുകൊണ്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത് 150 ല്‍ അധികം സീറ്റുകള്‍ നേടുമെന്നായിരുന്നു. എന്നാല്‍ മൂന്നക്കം കാണാന്‍ പോലും ബിജെപിക്ക് സാധിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

കേവല ഭൂരിപക്ഷമായ 92 നെക്കാള്‍ കേവലം 7 സീറ്റുകള്‍ മാത്രമാണ് ബിജെപി നേടിയത്. മൊത്തം 99 സീറ്റുകള്‍. നരേന്ദ്രമോദിയുടെ പ്രഭാവകാലത്തില്‍ ബിജെപിക്കേറ്റ ഏറ്റവും വലിയ അടിയാണ് ഇക്കുറി ഗുജറാത്തില്‍ സംഭവിച്ചതെന്നാണ് കണക്കുകള്‍ വ്യക്കതമാക്കുന്നത്.

മോദിക്കാലത്ത് 100 സീറ്റില്‍ കുറയുന്നത് ആദ്യമായാണ്. അതിലേറെ ശ്രദ്ധേയമാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുക.

മോദിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനത്തേക്കെത്തിച്ച 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നിയമസഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍ ഗുജറാത്തിലെ 182 നിയമസഭാ സീറ്റുകളില്‍ 165 സീറ്റുകളുടെ പരിധിയിലും ബിജെപി സ്ഥാനാര്‍ഥികളായിരുന്നു ലീഡ് ചെയ്തത്.

ഇത് മനസ്സില്‍ കണ്ടായിരുന്നു അമിത് ഷാ മിഷന്‍ 150 പ്രഖ്യാപിച്ചത്. ഇക്കുറി 99 സീറ്റുകളിലേക്ക് വിജയം ഒതുങ്ങുമ്പോള്‍ 66 സീറ്റുകളുടെ നഷ്ടമാണ് ബിജെപിയുടെ നെഞ്ചത്തടിക്കുന്ന കണക്ക്.

സ്വന്തം നാട്ടില്‍ പോലും മോദിയുടെ പ്രഭാവം അവസാനിക്കുന്നതാണ് ഇത് കാട്ടുന്നതെന്നാണ് രാഷ്ട്രീയ ലോകത്തെ വിലയിരുത്തല്‍. 66 സീറ്റുകളില്‍ ജനപിന്തുണ കുറയുന്നത് ചെറിയ കാര്യമല്ലല്ലോ.

2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിച്ചാലും മോദി പാളയത്തിന് നഷ്ടം മാത്രമേ ഉള്ളു. അന്ന് 115 സീറ്റുകള്‍ നേടിയ ബിജെപിക്ക് ഇക്കുറി 16 സീറ്റുകള്‍ കുറഞ്ഞു.

കോണ്‍ഗ്രസിന്റെ പതിനഞ്ചോളം എം എല്‍ എ മാരെ അടര്‍ത്തിയെടുത്തതും കൂടി കൂട്ടിയാല്‍ നഷ്ടം 30 സീറ്റുകളുടേതാകും. കോണ്‍ഗ്രസിനേയും രാഹുല്‍ഗാന്ധിയേയും സംബന്ധിച്ച് കണക്കുകള്‍ മെച്ചമാണ്. 2014ലെ പൊതു തെരഞ്ഞടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസ് 63 സീറ്റുകളിലാണ് വിജയം നേടിയിരിക്കുന്നത്.

ബിജെപി വന്‍ നേട്ടമുണ്ടാക്കിയ ഹിമാചല്‍ പ്രദേശിലും 2014ലെ പൊതു തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് താമര വാടിയെന്ന് തന്നെ വിലയിരുത്താം.

മോദി അധികാരത്തിലേറിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചലിലെ 68 മണ്ഡലങ്ങളില്‍ 59ലും ബിജെപിയായിരുന്നു വിജയിച്ചത്. ഇത്തവണ 44 സീറ്റു നേടുമ്പോള്‍ 2014നെ അപേക്ഷിച്ച് 15 സീറ്റ് കുറവാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News