പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒ‍ഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതം; പ്രധാനമന്ത്രിയുടെ സന്ദര്‍ശനസ്ഥലമോ തീയതിയോ തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരുകള്‍ക്ക് ഒരു പങ്കുമില്ല

പ്രധാനമന്ത്രി ഓഖി ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതായുള്ള വാർത്ത തീർത്തും അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്‍റെ വിവരം ഔദ്യോഗികമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്നത് ഡിസംബർ 16നാണ്.

അതോടൊപ്പം ലഭിച്ച താത്കാലിക പരിപാടിയിൽ തിരുവനന്തപുരത്തെ അദ്ദേഹത്തിന്‍റെ സന്ദർശന സ്ഥലം വ്യക്തമാക്കിയിരുന്നില്ല. സ്ഥിരീകരിച്ച അവസാന പരിപാടിയിലാണ് സന്ദർശന സ്ഥലവും സംസ്ഥാന സര്‍ക്കാരുമായുളള ചർച്ചയും ഉൾപ്പെടുത്തിയത്.

ആദ്യം ലഭിച്ച താല്‍ക്കാലിക പരിപാടി പ്രകാരം അദ്ദേഹം കൊച്ചിയില്‍ വന്ന ശേഷം ലക്ഷദ്വീപില്‍ പോകുമെന്നും തിരിച്ച് 19-ന് വൈകീട്ട് തിരുവനന്തപുരത്ത് എത്തുമെന്നുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അവസാന പരിപാടി പ്രകാരം അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

പ്രധാന മന്ത്രിയുടെ പരിപാടി തയ്യാറാക്കുന്നത് പ്രധാനമന്ത്രി കാര്യാലയമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനസ്ഥലമോ തീയതിയോ തീരുമാനിക്കുന്നതിൽ സംസ്ഥാന സർക്കാരുകള്‍ക്ക് ഒരു പങ്കും ഇല്ലെന്ന് എല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here