സരിതയുടെ കത്ത് പ്രസിദ്ധീകരിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും ഹൈക്കോടതിയുടെ വിലക്ക്; കമീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്തില്ല

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല. തുടര്‍നടപടികളുമായി അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാം. റിപ്പോര്‍ട്ടും നടപടിക്രമങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, മറ്റ്‌നടപടികളില്‍ ഇടപെട്ടില്ല.

എന്നാല്‍ സരിതയുടെ കത്ത് പ്രസിദ്ധീകരിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് അടക്കം കോടതി വിലക്കേര്‍പ്പെടുത്തി.

കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കണം എന്നതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം. റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍നടപടി ഉത്തരവ് റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികളില്‍ ഇടപെട്ടില്ല. കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടു പോകുന്നതിന് വിലക്കില്ല. ഹര്‍ജി ജനുവരി 15ന് കോടതി വീണ്ടും പരിഗണിക്കും.

പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായി. സോളാര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നും ഉമ്മന്‍ചാണ്ടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സരിതയുടെ കത്ത് പ്രസിദ്ധീകരിക്കുന്നതിന് ചര്‍ച്ചചെയ്യുന്നതിനും മാധ്യമങ്ങള്‍ക്ക് അടക്കം ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി.

കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് ഭേദഗതി ചെയ്ത നടപടി ക്രമവിരുദ്ധമാണെന്ന് കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ടേംസ് ഓഫ് റഫറന്‍സ് വിപുലീകരിച്ചപ്പോള്‍ എന്തുകൊണ്ട് എന്ന ചോദ്യം ചെയ്തില്ലെന്ന് കോടതി ചോദിച്ചു.

കേസില്‍ പ്രാഥമിക വാദം കേട്ട കോടതി വിശദമായ വാദം കേള്‍ക്കുന്നതിനായി അടുത്തമാസം 15 ലേക്ക് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here