ഓഖി: മരിച്ചവരുടെ ആശ്രിതര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മോദി; കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരും

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവരെ കാണാന്‍ നരേന്ദ്ര മോദി പൂന്തുറയിലെത്തി. പൂന്തുറ സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിയാണ് പ്രധാനമന്ത്രി ദുരിത ബാധിതരെ സന്ദര്‍ശിച്ചത്. ഇന്ന് രാവിലെ ലക്ഷദ്വീപിലും കന്യാകുമാരിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനുശേഷമാണ് പൂന്തുറയിലെത്തി ജനങ്ങളെ കണ്ടത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മെഴ്‌സിക്കുട്ടി അമ്മ, കടകംപള്ളി സുരേന്ദ്രന്‍ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പം പൂന്തുറയില്‍ എത്തി. വലിയതുറ, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നടക്കം ദുരിതമനുഭവിക്കുന്നവര്‍ മോദിയെ കാണാനായി എത്തിയിരുന്നു.

സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ടെന്നും കടലില്‍ കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുമെന്നും ജനങ്ങളോട് സംസാരിക്കവേ മോദി പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകില്ല. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും മോദി പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം നരേന്ദ്ര മോഡി തൈക്കാട് ഗസ്റ്റ് ഹൗസിലേക്ക് തിരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ എന്നിവരുമായി ഇവിടെ കൂടിക്കാഴ്ച തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here