മകന്‍ അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചു; മനംനൊന്ത് മാതാപിതാക്കളും സഹോദരിയും ആത്മഹത്യ ചെയ്തു

ഇടുക്കി: യുവാവ് അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതില്‍ മനംനൊന്ത് മാതാപിതാക്കളും സഹോദരിയും വിഷം കഴിച്ച് മരിച്ചു. മറയൂര്‍ സ്വദേശികളെ, ഉദുമല്‍പേട്ടയില്‍നിന്നാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

മറയൂര്‍കീഴാന്തൂര്‍ സിറ്റിയിലെ മുരുകന്‍, ഭാര്യ മുത്തുലക്ഷ്മി, മകള്‍ ഭാനുപ്രിയ എന്നിവരെയാണ് തമിഴ്‌നാട് ഉദുമല്‍പ്പേട്ടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. റെയില്‍വെ ട്രാക്കിന് സമീപം കുറ്റിക്കാട്ടിലായിരുന്നു മൃതദേഹങ്ങള്‍.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് ലഭിച്ച വിവരം ഇങ്ങനെ: മുരുകന്‍ മുത്തുലക്ഷ്മി ദമ്പതികളുടെ മകനായ പാണ്ടിരാജ് 2013-15 വര്‍ഷത്തില്‍ ഉദുമല്‍പ്പേട്ടയില്‍ എംകോമിന് പഠിക്കവെ, അന്യജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായി. പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ ശേഷവും ബന്ധം തുടര്‍ന്നു. കൊച്ചിയില്‍ ജോലി ചെയ്യുന്ന പാണ്ടിരാജ് കഴിഞ്ഞ ശനിയാഴ്ച ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.

ഇതോടെ മാനസികമായി തകര്‍ന്ന മുരുകനും മുത്തുലക്ഷ്മിയും ബിരുദ വിദ്യാര്‍ത്ഥിനിയായ മകളെയും കൂട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൂന്ന് പേരും ആത്മഹത്യ ചെയ്യുമെന്ന് മുരുകന്‍ ഫോണില്‍ വിളിച്ച് ബന്ധുക്കളെ അറിയിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കി.

ബന്ധുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറയൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എ അജയ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉദുമല്‍പ്പേട്ട പൊലീസിന്റെ സഹായത്തോടെ മറയൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഉദുമല്‍പ്പേട്ടയില്‍ സംസ്‌കരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News