കാലിക്കറ്റ് സര്‍വകലാശാലയുടെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു

കാലിക്കറ്റ് സര്‍വകലാശാലയുടെ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. വിസിറ്റിംഗ് പ്രൊഫസര്‍ ഡോക്ടര്‍ എം എം ബഷീര്‍ അടക്കമുളള അംഗങ്ങള്‍ രാജിവെച്ചു. സംസ്ഥാന സര്‍ക്കാര്‍ സഹായിക്കാമെന്ന് അറിയിച്ചിട്ടും സര്‍വകലാശാലാ അധികൃതര്‍ അവഗണിച്ചെന്ന് എം എം ബഷീര്‍ പറഞ്ഞു.

ബേപ്പൂര്‍ സുല്‍ത്താന് സംസ്ഥാനത്ത് ഉചിതമായ സ്മാരകം ഇല്ലെന്ന് മനസ്സിലാക്കിയ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരാണ് 2008ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ ആരംഭിച്ചത്.

25 ലക്ഷം രൂപ സ്ഥിരനിക്ഷേപത്തോടെ ആയിരുന്നു ചെയറിന്റെ തുടക്കം. മുന്‍ വൈസ്ചാന്‍സലര്‍ ഡോ.എം അബ്ദുള്‍സലാം ഡോക്ടര്‍് എം.എം ബഷീറിനെ ചെയറിന്റെ വിസിറ്റിംഗ് പ്രൊഫസറായി നിയമിച്ചു്. വൈക്കം മുഹമ്മദ് ബഷീറിന്റെ എല്ലാ സര്‍ഗ്ഗാത്മകഗ്രന്ഥങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ബഷീര്‍ നിഘണ്ടു നിര്‍മ്മിക്കുക , ബഷീര്‍ മ്യൂസിയം സംവിധാനം ചെയ്യുക എന്നീ രണ്ട് ചുമതലകളാണ് ചെയറിനെ ഏല്‍പ്പിച്ചിരുന്നത്.

പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ഏഴുലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ അത് കടലസ്സില്‍ ഒതുങ്ങി. 8 വാള്യങ്ങളടങ്ങുന്ന നിഘണ്ടു തയ്യാറാക്കിയെങ്കിലും കടുത്ത പ്രതിസന്ധിമൂലം പണി പൂര്‍ത്തിയാക്കനായിട്ടില്ല. 3918 പേജുള്ള നിഘണ്ടുവിന്റെ എഡിറ്റ് ചെയ്യാത്ത കോപ്പി സര്‍വ്വകലാശാലയെ ഏല്‍പ്പിച്ചാണ് ചെയര്‍ അംഗങ്ങള്‍ രാജിവെക്കുന്നത്.

ഡോ.എം.എം ബഷീറിനു പുറമെ ഓണററി പ്രോഫസര്‍ ഡോ.എന്‍.ഗോപിനാഥന്‍നായര്‍,മാനുസ്‌ക്രിപിറ്റ് കീപ്പര്‍ കെ.വേലായുധന്‍ എന്നിവരാണ് രാജിവെച്ചത്. ഒരു വര്‍ഷമായി ഇവര്‍ക്ക് ഓണറേറിയം പോലും ലഭിച്ചിട്ടില്ല. സിന്റിക്കേറ്റ് സബ് കമ്മിറ്റി, ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം നല്‍കാന്‍ 4 മാസം മുമ്പ് തീരുമാനിച്ചിരുന്നെങ്കിലും നടപടി ഉണ്ടായില്ല.

നിഘണ്ടു പൂര്‍ത്തിയാക്കി നല്‍കിയാല്‍ യൂണിവേഴ്‌സിറ്റിക്ക് റോയല്‍റ്റി നല്‍കി പ്രസിദ്ധപ്പെടുത്താന്‍ പ്രമുഖ പ്രസാധകര്‍ മുന്നോട്ട് വന്നിട്ടും അനുകൂല നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറായില്ലെന്നും ചെയര്‍ അംഗങ്ങള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News