പ്രാര്‍ത്ഥനകളെല്ലാം വിഫലമായി; കേരളം ഒരേ മനസ്സാല്‍ വഴിമാറിക്കൊടുത്തിട്ടും നുസ്റയുടെ ജീവന്‍ രക്ഷിക്കാനായില്ല; അഞ്ചാം നാള്‍ യാത്രയായി

കൊച്ചി: ട്രാഫിക് സിനിമയെ വെല്ലുന്ന രംഗത്തിനായിരുന്ന അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് കേരളക്കര സാക്ഷ്യം വഹിച്ചത്. മംഗലാപുരത്ത് നിന്നും കരള്‍മാറ്റ ശസ്ത്രക്രീയയ്ക്കായി നുസ്റയെ കൊച്ചിയിലേക്കെത്തിക്കാന്‍ ഒരേ മനസ്സാല്‍ ഏവരും കൈകോര്‍ത്തു.

പിന്നീട് പ്രാര്‍ത്ഥനയുമായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഏവരേയും കണ്ണീരണിയിച്ച് ഉപ്പള മണിമുണ്ടയിലെ ആസിയത്ത് നുസ്‌റ എന്ന ഇരുപതുകാരി യാത്രയായി.

ഡിസംബര്‍ 15നാണ് പൊലീസ് സംവിധാനവും നാട്ടുകാരും ഒന്നാകെ കൈകോര്‍ത്ത് നുസ്‌റയ്ക്കായി വഴിയൊരുക്കിയത്. മംഗളൂരു സെന്റ് അഗ്‌നെസ് കോളജിലെ ബിഎസ്‌സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് അടിയന്തിര കരള്‍ മാറ്റ ശസ്ത്രക്രിയ അനിവാര്യമായത്.

അങ്ങനെയാണ് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെത്തിച്ചത്. സഹോദരന്‍ ഷരീഫ് കരള്‍ നല്‍കാന്‍ തയ്യാറായി മുന്നോട്ടു വന്നെങ്കിലും പരിശോധനയില്‍ അത് സാധ്യമല്ലെന്ന് വ്യക്തമായി. പിതാവ് സുല്‍ഫിക്കറിന്റെ കരള്‍ നുസ്‌റയ്ക്ക് നല്‍കാമെന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഏവരും പ്രാര്‍ത്ഥനയുമായി കാത്തിരിക്കുകയായിരുന്നു.

മംഗളൂരുവില്‍ നിന്ന് നുസ്‌റയെ എറണാകുളത്തെത്തിച്ചെങ്കിലും രക്ത സമ്മര്‍ദ്ദം കുറഞ്ഞത് തിരിച്ചടിയായി. രക്ത സമ്മര്‍ദ്ദം ശരിയാക്കാന്‍ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ആരോഗ്യനില മോശമായതോടെ ബുധനാഴ്ച വൈകുന്നരത്തോടെ മരണത്തിന് നുസ്‌റ കീഴടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here