ബ്രിട്ടീഷ് ഭരണകാലംമുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സാമൂഹ്യസുരക്ഷാ സംവിധാനമാണ് പെന്‍ഷന്‍. ഈ അവകാശത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ട് പെന്‍ഷന്‍ കേവലമൊരു ഔദാര്യമാക്കിമാറ്റുകയാണ് കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകള്‍ ചെയ്തത്.

1980കളില്‍ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും അഭിമുഖീകരിച്ച സാമ്പത്തികമാന്ദ്യത്തെതുടര്‍ന്നാണ് പെന്‍ഷന്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്. എത്ര തുക പെന്‍ഷന്‍ ലഭിക്കുമെന്ന് കൃത്യമായി നിര്‍വചിച്ചിരുന്ന അതുവരെയുണ്ടായിരുന്ന പെന്‍ഷന്‍ പദ്ധതിക്കുപകരം എത്ര തുക പെന്‍ഷന്‍ വിഹിതമായി അടയ്ക്കണം എന്നുമാത്രം നിര്‍വചിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഈ രാജ്യങ്ങളില്‍ നടപ്പാക്കാന്‍ ആരംഭിച്ചു.

പെന്‍ഷന്‍ വിഹിതമായി പിടിച്ചെടുക്കുന്ന തുക പെന്‍ഷന്‍ഫണ്ടുവഴി ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ച് ഓഹരിക്കമ്പോളത്തെ സജീവമാക്കാനും അതുവഴി സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. ചെറിയ പ്രായത്തില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരന്‍ 35-40 വര്‍ഷം സര്‍വീസില്‍ തുടരുമെന്നതിനാല്‍ ഈ കാലമത്രയും പെന്‍ഷന്‍ വിഹിതമായി അടയ്ക്കുന്ന തുക പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ക്ക് ഓഹരിക്കമ്പോളത്തിലെ ചൂതാട്ടത്തിന് ഉപയോഗിക്കാന്‍പറ്റും.

പെന്‍ഷന്‍ അടക്കമുള്ള സാമൂഹ്യസുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടങ്ങള്‍ പിന്മാറണമെന്നും എല്ലാം കമ്പോളത്തിന്റെ നിയമങ്ങള്‍ക്ക് (ആഗോള മൂലധനശക്തികളുടെ ദയാദാക്ഷിണ്യത്തിന്) വിട്ടുകൊടുക്കണമെന്നുമുള്ള ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായാണ് ഇന്ത്യയിലും പെന്‍ഷന്‍ പരിഷ്കരണനടപടികള്‍ ആരംഭിച്ചത്.

ഇന്ത്യയില്‍ പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള കളമൊരുക്കുന്നതിനുവേണ്ടി ഐഎംഎഫും ലോകബാങ്കും നിരവധി പഠനറിപ്പോര്‍ട്ടുകള്‍ പുറത്തിറക്കി. ഐഎംഎഫ് വര്‍ക്കിങ് പേപ്പര്‍ ഓണ്‍ പെന്‍ഷന്‍ റിഫോംസ് ഇന്‍ ഇന്ത്യ-2001, വേള്‍ഡ് ബാങ്ക് ഇന്ത്യ സ്പെസിഫിക് റിപ്പോര്‍ട്ട്- 2001, ചാലഞ്ച് ഓഫ് ഓള്‍ഡ് ഏജ് ഇന്‍കം സെക്യൂരിറ്റി”എന്നിവ ഇവയില്‍ ചിലതാണ്.

ഇതിന്റെ ചുവടുപിടിച്ചാണ് പിന്നീട് ബിജെപി സര്‍ക്കാര്‍ 2001ല്‍ മുന്‍ കര്‍ണാടക ചീഫ് സെക്രട്ടറി ഭട്ടാചാര്‍ജി ചെയര്‍മാനായുള്ള ഒരു വിദഗ്ധ കമ്മിറ്റിയെ പെന്‍ഷന്‍ പരിഷ്കരണത്തിനായി നിയമിച്ചത്. ഭട്ടാചാര്‍ജി കമ്മിറ്റി ശുപാര്‍ശ നടപ്പാക്കുന്നു എന്ന വ്യാജേനയാണ് 2003ല്‍ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വാജ്പേയിസര്‍ക്കാര്‍ ഐഎംഎഫ്- ലോകബാങ്ക് കുറിപ്പടിയനുസരിച്ചുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി കേന്ദ്ര ജീവനക്കാരുടെ മേഖലയില്‍ 2004 ജനുവരി ഒന്നുമുതല്‍ നടപ്പാക്കിയത്.

തുടര്‍ന്ന് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്നതും നവലിബറല്‍ സാമ്പത്തികനയത്തെ അനുകൂലിക്കുന്നതുമായ സംസ്ഥാന സര്‍ക്കാരുകളും ഈ പദ്ധതി നടപ്പാക്കി. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍, പിന്നീട് അധികാരത്തില്‍ വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ബാധകമാക്കി.

കേന്ദ്ര- സംസ്ഥാന ജീവനക്കാര്‍ക്കുപുറമെ കേന്ദ്ര- സംസ്ഥാന പൊതുമേഖല ജീവനക്കാരെയും പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്നു. 2017 ഫെബ്രുവരി 28ന്റെ കണക്കനുസരിച്ച് ഒരുകോടിയില്‍പ്പരം (1,04,51,915) ജീവനക്കാര്‍ പദ്ധതിയില്‍ അംഗങ്ങളാണ്. ഇവരുടെ വിഹിതമായി പെന്‍ഷന്‍ഫണ്ടില്‍ ഒന്നരലക്ഷം കോടി രൂപ (1,65,983 കോടി) ഇതിനകംതന്നെ നിക്ഷേപമായി ലഭിച്ചുകഴിഞ്ഞു. ഈ തുക ഓരോ മാസം കഴിയുംതോറും വര്‍ധിക്കും. കര്‍ണാടക അടക്കമുള്ള പല സംസ്ഥാന സര്‍ക്കാരുകളും പിരിച്ചെടുത്ത വിഹിതം പെന്‍ഷന്‍ഫണ്ടില്‍ അടച്ചിട്ടില്ല.

2003ല്‍ ബിജെപി സര്‍ക്കാര്‍ ഉത്തരവിറക്കിയ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെ നിയമമാക്കി മാറ്റുന്നതിനുള്ള ശ്രമമാണ് 2004ല്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഇതിന്റെ ഭാഗമായി ആദ്യം ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും യുപിഎയെ പിന്തുണച്ചിരുന്ന ഇടതുപക്ഷപാര്‍ടികളുടെ ശക്തമായ എതിര്‍പ്പ് കാരണം പെന്‍ഷന്‍ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് നിയമമാക്കാന്‍ പറ്റിയില്ല. ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിനെതുടര്‍ന്ന് രണ്ടാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബിജെപിയുടെ സഹായത്തോടെയാണ് പിഎഫ്ആര്‍ഡിഎ ബില്‍ പാസാക്കിയത്.

പുതിയ പെന്‍ഷന്‍ ആക്ടിലെ വകുപ്പനുസരിച്ച് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് ഒരുവിധ സര്‍ക്കാര്‍ ഗ്യാരന്റിയും ഇല്ല. ഫണ്ടില്‍ ചേരുന്നവര്‍”ഒപ്ട്’ചെയ്യുന്ന സ്കീമിന്റെ കമ്പോളാധിഷ്ഠിത ഗ്യാരന്റിമാത്രമേ നിയമം ഉറപ്പുനല്‍കുന്നുള്ളൂ.

ഷെയര്‍ മാര്‍ക്കറ്റ് തകര്‍ച്ചയുടെയോ സാമ്പത്തികമാന്ദ്യത്തിന്റെയോ ഫലമായി 2008ല്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ പെന്‍ഷന്‍ഫണ്ട് പൊളിഞ്ഞാല്‍ പെന്‍ഷന്‍ നല്‍കാനുള്ള ഒരുവിധ ഉത്തരവാദിത്തവും സര്‍ക്കാരിനില്ല. മാത്രമല്ല, ഒരു ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ പഴയ പെന്‍ഷന്‍ സ്കീമില്‍പ്പെട്ട ജീവനക്കാരെയും പെന്‍ഷന്‍കാരെയുംകൂടി പെന്‍ഷന്‍ഫണ്ടിന്റെ പരിധിയിലേക്ക് മാറ്റാനുള്ള വകുപ്പും പിഎഫ്ആര്‍ഡിഎ ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത പെന്‍ഷന്‍ ഒറ്റയടിക്ക് ഒരു അവകാശമല്ലാതായി മാറുന്നു എന്നതാണ്. ഈ പദ്ധതിപ്രകാരം ഓരോ ജീവനക്കാരനും അടിസ്ഥാനശമ്പളവും ക്ഷാമബത്തയും ചേര്‍ന്ന തുകയുടെ പത്തുശതമാനംപെന്‍ഷന്‍ അക്കൌണ്ടിലേക്ക് പ്രതിമാസം അടയ്ക്കണം. തുല്യമായ വിഹിതം സര്‍ക്കാരും (തൊഴിലുടമ) അടയ്ക്കണം. ഈ തുക പെന്‍ഷന്‍ഫണ്ടുകളില്‍ നിക്ഷേപിക്കും. പെന്‍ഷന്‍ഫണ്ട് മാനേജര്‍മാര്‍ തുക ഷെയര്‍ മാര്‍ക്കറ്റിലും മറ്റും നിക്ഷേപിക്കും.

ഷെയര്‍മാര്‍ക്കറ്റിന്റെ ഗതിവിഗതികള്‍ക്കനുസരിച്ച് തുക കുറയുകയോ കൂടുകയോ ചെയ്യാം. റിട്ടയര്‍ ചെയ്യുമ്പോള്‍ ജീവനക്കാരന്റെ പേരില്‍ മൊത്തം ഫണ്ടിലുള്ള തുകയുടെ 60 ശതമാനം തിരിച്ചുനല്‍കും. ബാക്കി 40 ശതമാനം തുക ഏതെങ്കിലും ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ആന്വിറ്റി സ്കീമില്‍ നിക്ഷേപിക്കും.

ഈ തുകയില്‍നിന്നുള്ള വരുമാനമുപയോഗിച്ച് ഇന്‍ഷുറന്‍സ് കമ്പനിയായിരിക്കും പെന്‍ഷന്‍ നല്‍കുക. പെന്‍ഷന്‍ നല്‍കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ പൂര്‍ണമായും ഒഴിയുന്നു. പഴയ പെന്‍ഷന്‍ സ്കീമനുസരിച്ച് കേന്ദ്ര സര്‍വീസില്‍ പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ഒരു ജീവനക്കാരന് മിനിമം 9000 രൂപ പെന്‍ഷന്‍ ലഭിക്കും.

എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയനുസരിച്ച് പത്തുവര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ജീവനക്കാരന് 3000 രൂപയില്‍ താഴെമാത്രമാണ് ആന്വിറ്റി ഇന്‍ഷുറന്‍സ് സ്കീമില്‍നിന്ന് പെന്‍ഷനായി ലഭിക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരെ കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷനും ഓള്‍ ഇന്ത്യാ സ്റ്റേറ്റ് ഗവ. എംപ്ളോയീസ് ഫെഡറേഷനും സംയുക്തമായി പ്രക്ഷോഭരംഗത്താണ്.

(കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്റെ അഖിലേന്ത്യാ സെക്രട്ടറി ജനറലാണ് ലേഖകന്‍)