ദില്ലി: രാജ്യതലസ്ഥാനത്തുള്ള ആദ്ധ്യാത്മിക് വിശ്വവിദ്യാലയ ആശ്രമത്തില്‍ നടക്കുന്ന ഞെട്ടിക്കുന്ന പീഡനത്തിന്റെ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

അന്തേവാസികളായ നൂറോളം വരുന്ന സ്ത്രീകളും പെണ്‍കുട്ടികളും മൃഗങ്ങളേക്കാള്‍ കഷ്ടതയേറുന്ന പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നതെന്ന് പൊലീസ് വ്യക്തമാക്കി. റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സത്യങ്ങളാണെന്ന് പൊലീസ് അറിയിച്ചു.

ദില്ലി ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ആശ്രമത്തില്‍ പോലീസ് റെയ്ഡ് നടത്തിയത്. ബലാത്സംഗക്കുറ്റത്തിന് ജയിലിലായ ഗുര്‍മീത് റാം റഹീമിന്റെ ആശ്രമത്തിലേതിനു സമാനമാണ് ഇവിടുത്തെയും അവസ്ഥയെന്നതാണ് സത്യം.

ആശ്രമത്തില്‍ വെച്ച് പെണ്‍കുട്ടികള്‍ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നത് പതിവാണ്. നിരവധിപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. രോഹിണിയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രജനീഷ് ഗുപ്ത, ദില്ലി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാളവ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.

പെണ്‍കുട്ടികളെ കാണാനായി ആശ്രമത്തിലെത്തിയ തങ്ങളെ രണ്ട് മണിക്കൂറിലധികമാണ് വെളിയില്‍ നിര്‍ത്തിയതെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാളവ്യ വ്യ്ക്തമാക്കി. ആശ്രമത്തില്‍ വെച്ച് തങ്ങള്‍ക്ക് ആക്രമണം നേരിടേണ്ടി വന്നുവെന്നും ഒരു മണിക്കൂറിലധികം ബന്ദിയാക്കി നിര്‍ത്തിയെന്നും അവര്‍ പറഞ്ഞു.

ആശ്രമത്തിലെ ഭൂരിഭാഗം താമസക്കാരും പ്രായപൂര്‍ത്തി ആകാത്തവരാണെന്നും ഇവിടുത്തെ അന്തേവാസികള്‍ നേടിണ്ടി വന്ന പീഡനങ്ങള്‍ വിവരിക്കുന്ന കത്തുകളും നിരവധി ഇഞ്ചക്ഷനുകളും മരുന്നുകളും ഇവിടെ നിന്ന് കണ്ടെത്തിയതായും അവര്‍ വ്യക്തമാക്കി.