റൊണാള്‍ഡോയും മെസിയും വീണ്ടും നേര്‍ക്കുനേര്‍; എല്‍ ക്ലാസിക്കോ ആവേശത്തില്‍ കാല്‍പന്തുലോകം

സ്പാനിഷ് ഫുട്‌ബോളിലെ അപ്രമാദിത്വം തെളിയിക്കാന്‍ ബദ്ധവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും നാളെ വീണ്ടും കൊമ്പുകോര്‍ക്കുന്നു. ക്ലാസിക്കുകളുടെ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്‍ ക്ലാസിക്കോ മല്‍സരം ശനിയാഴ്ച റയലിന്‍റെ ഹോംഗ്രൗണ്ടായ സാന്‍റിയാഗോ ബെര്‍നാബുവിലാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന കാല്‍പന്തില്‍ പൂരം.

സീസണിന്‍റെ തുടക്കത്തില്‍ മോശം പ്രകടനത്തെ തുടര്‍ന്ന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ലോക ഫുട്‌ബോളറും റയലിന്‍റെ സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബാഴ്‌സയുടെ ഉറുഗ്വേ താരം ലൂയിസ് സുവാരസും താളം വീണ്ടെടുത്തത് എല്‍ ക്ലാസിക്കോയെ കൂടുതല്‍ ആവേശകരമാക്കും. ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയലിനെ

തുടര്‍ച്ചയായ രണ്ടാം കിരീടവിജയത്തിലേക്ക് നയിച്ചതിന്‍റെ ത്രില്ലിലാണ് റൊണോ. ഫൈനലില്‍ റയലിന്‍റെ വിജയഗോള്‍ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നായിരുന്നു. അതേസമയം, ലീഗിലെ അവസാന കളിയില്‍ ഡിപോര്‍ട്ടീവോയെ എതിരില്ലാത്ത നാല് ഗോളുകള്‍ത്ത് ബാഴ്‌സ തുരത്തിയപ്പോള്‍ അതില്‍ രണ്ടു ഗോളുകളുമായി സുവാറസ് ടീമിന്‍റെ ഹീറോയായിരുന്നു.

ലോക ക്ലബ് ഫുട്ബോള്‍ കിരീടം തടുര്‍ച്ചയായ രണ്ടാം തവണയും നേടിയെങ്കിലും എല്‍ ക്ലാസിക്കോ ബാ‍ഴ്സയെക്കാള്‍ നിര്‍ണായകമാകുന്നത് റയലിനാണ്. ലീഗില്‍ പോയിന്‍റ് പട്ടികയില്‍ തലപ്പത്തു നില്‍ക്കുന്ന ബാഴ്‌സയേക്കാള്‍ 11 പോയിന്‍റ് പിന്നിലാണ് റയല്‍. അതുകൊണ്ടു തന്നെ ഇനിയൊരു തിരിച്ചടി നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ റയലിനു സഹിക്കാനാവില്ല. പട്ടികയില്‍ നാലാംസ്ഥാനത്തുള്ള റയല്‍ ബാഴ്‌സയെ അപേക്ഷിച്ച് ഒരു മല്‍സരം കുറച്ചേ കളിച്ചിട്ടുള്ളൂവെന്ന ആശ്വാസം മാത്രമാണ് റയലിനുള്ളത്.

സീസണില്‍ റയലിന്‍റെ തിരിച്ചടിക്ക് കാരണം റൊണാള്‍ഡോയുടെ മോശം ഫോം തന്നെയായിരുന്നു. ആദ്യ എട്ടു കളികളില്‍ നിന്ന് ഒരേയൊരു ഗോള്‍ മാത്രമാണ് ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തത്. ബാലന്‍ദിയോര്‍ ട്രോഫി വീണ്ടും സ്വന്തമാക്കിയ റൊണാള്‍ഡോ പിന്നീട് വിവിധ ടൂര്‍ണമെന്‍റുകളിലെ അവസാന 7 മല്‍സരങ്ങളില്‍ നിന്ന് 8 ഗോളുകള്‍ നേടിക്കഴിഞ്ഞു.

ബാഴ്‌സയ്‌ക്കെതിരായ എല്‍ ക്ലാസിക്കോയില്‍ റയല്‍ ജയിക്കുമെന്നാണ് പ്രതീക്ഷയെന്ന് അബൂദബിയില്‍ നടന്ന ഫിഫ ക്ലബ്ബ് ലോകകപ്പില്‍ റയലിനെ ചാംപ്യന്‍മാരാക്കിയ ശേഷം റൊണാള്‍ഡോ പറഞ്ഞിരുന്നു. ബാഴ്‌സയ്‌ക്കെതിരേ വിജയിക്കാന്‍ സാധിച്ചാല്‍ ലീഗില്‍ കിരീടസാധ്യത നിലനിര്‍ത്താന്‍ റയലിനാവും. അതേ സമയം ലീഗില്‍ തകര്‍പ്പന്‍
ഫോമിലാണ് ബാഴ്‌സ. 16 കളികളില്‍ പരാജയമൊന്നുമറിയാത്ത എതിരാളികളെ ബഹുദൂരം പിന്നിലാക്കി ലീഗില്‍ ഒന്നാം സ്ഥാനം. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മാസ്മരിക പ്രകടനത്തിനൊപ്പം സുവാരസും കൂടി ചേരുന്നതോടെ ബാഴ്‌സ കൂടുതല്‍ അപകടകാരികളായി മാറിക്കഴിഞ്ഞു. മാത്രവുമല്ല, ലോക ഫുട്ബോളര്‍, ബാലന്‍ദിയോര്‍
പുരസ്കാരങ്ങളില്‍ തന്നെ നിഷ്പ്രഭനാക്കിയ റൊണാള്‍ഡോയ്ക്കെതിരായ ജയം മെസിക്കും അനിവാര്യമാണ്. വിജയിച്ചാല്‍ ഈ സീസണിലെ സ്പാനിഷ് കിരീടം ബാ‍ഴ്സയ്ക്ക് തന്നെയെന്ന് ഉറപ്പിക്കാനുമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News