ഓഖിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്; കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി; മുന്നറിയിപ്പു നല്‍കുന്നതില്‍ കേന്ദ്രം വന്‍വീഴ്ച വരുത്തിയെന്ന് പി. കരുണാകരന്‍ എംപി

ദില്ലി: കേരള, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളില്‍ ആഞ്ഞടിച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ മറുപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍നിന്നു ഇറങ്ങിപ്പോയി.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. നവംബര്‍ 30ന് രാവിലെ തന്നെ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. എന്നാല്‍ ഉച്ചയ്ക്ക് 12.30നാണ് മുന്നറിയിപ്പു ലഭിച്ചതെന്നും വേണുഗോപാല്‍ സഭയില്‍ പറഞ്ഞു.

ഓഖി ചുഴലിക്കാറ്റ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതില്‍ കേന്ദ്രത്തിന് വന്‍വീഴ്ച സംഭവിച്ചെന്ന് പി. കരുണാകരന്‍ എംപിയും സഭയില്‍ പറഞ്ഞു. മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് ശശി തരൂര്‍ എംപിയും ആവശ്യപ്പെട്ടു.

നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരം ഓഖി ചുഴലിക്കാറ്റിനെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രനിലപാട്. സാഹചര്യത്തെ അതീവ ഗുരുതരമായാണ് കാണുന്നതെന്നും രാജ്‌നാഥ് വ്യക്തമാക്കി.

ചുഴലിക്കാറ്റ് മുന്നറിയിപ്പ് നവംബര്‍ 30ന് നല്‍കി. എന്നാല്‍ ഓഖി ചുഴലിക്കാറ്റിന്റെ പ്രത്യേക സ്വഭാവം മൂലം കൃത്യമായി മുന്നറിയിപ്പ് നല്‍കാനായില്ലെന്നും, പെട്ടെന്ന് രൂപം കൊള്ളുന്ന ചുഴലിക്കാറ്റായതിനാലാണ് അറിയിക്കാന്‍ കഴിയാതെ വന്നതെന്നും മന്ത്രി പാര്‍ലമെന്റില്‍ വിശദീകരിച്ചു. നവംബര്‍ 29 മുതല്‍ തന്നെ, ന്യൂനമര്‍ദ്ദമുണ്ടാകുമെന്നും മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ചുഴലിക്കാറ്റില്‍പ്പെട്ട് കേരളത്തില്‍ മാത്രം 74 പേര്‍ മരിക്കുകയും 215 പേരെ കാണാതാവുകയും ചെയ്‌തെന്ന് മന്ത്രി സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel