അല്‍വാറില്‍ സിപിഐഎമ്മിനെ നയിക്കുന്നത് ഈ കരുത്തുറ്റ വനിത; സഖാവ് റൈസ

ജയ്പൂര്‍: പശുവിന്റെ പേരില്‍ ഗോരക്ഷകര്‍ രണ്ടു മുസ്ലീങ്ങളെ തല്ലിക്കൊന്ന രാജസ്ഥാനിലെ അല്‍വാറില്‍ സിപിഐഎമ്മിനെ നയിക്കുക ഒരു കരുത്തുറ്റ വനിതയാണ്…സഖാവ് റൈസ.

കഴിഞ്ഞ ദിവസം രജപുത്ര ഓഡിറ്റോറിയത്തില്‍ നടന്ന സിപിഐഎം അല്‍വാര്‍ ജില്ലാസമ്മേളനമാണ് ജില്ലാ സെക്രട്ടറിയായി റൈസയെ വീണ്ടും തെരഞ്ഞെടുത്തത്. രാജസ്ഥാനില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് പെഹലുഖാന്‍ കൊല്ലപ്പെട്ടപ്പോള്‍ ഗോരക്ഷകര്‍ക്കെതിരായ സമരത്തിന്റെ മുന്‍നിരയില്‍ ശക്തമായി നിലകൊണ്ട റൈസ ആക്രമണത്തിനിരയായവര്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പെടെയുള്ളവ സംഘടിപ്പിച്ചു നല്‍കാനും മുന്നിലുണ്ടായിരുന്നു.

സിപിഐഎമ്മിനെ അല്‍വാറില്‍ ശക്തിപെടുത്താനുള്ള ഉത്തരവാദിത്വവും റൈസയില്‍ ഭദ്രമാണെന്ന് അവരുടെ നിലപാടുകള്‍ വ്യക്തമാക്കുന്നു. ആര്‍എസ്എസിന്റെ ജാതീയവും വര്‍ഗീയവുമായ അടിച്ചമര്‍ത്തലുകളും ഭരണകൂടത്തിന്റെ മുതലാളിത്ത ദുര്‍നയങ്ങളും ശക്തമായി എതിര്‍ക്കുവാന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് സമ്മേളനത്തില്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ച് റൈസ പറഞ്ഞു.

നിലവില്‍ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജുവെനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അംഗവുമാണ് റൈസ. രാജസ്ഥാന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ജെഎന്‍യുവില്‍നിന്നും എംഫിലും നേടിയിട്ടുണ്ട്.

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവുമൂലം ദുരിതത്തിലായ കര്‍ഷകരെ രക്ഷിക്കാന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക. ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരായ അടിച്ചമര്‍ത്തലുകള്‍ അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം മുന്നോട്ടുവെച്ചു.

ജിതേന്ദ്ര നാരുക, മംഗല്‍സിന്‍ഹ, മുക്ത്യാര്‍ സിങ്, രമേഷ് മൌജുക, ബല്‍വന്ത് സിന്‍ഹ, റാഷിദ് ഖാന്‍ തുടങ്ങിയവരും ജില്ലാകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News