രോഹിത് ശര്‍മയുടെ താണ്ഡവം; ഇന്ത്യയ്ക്ക് പരമ്പര

രോഹിത് ശര്‍മയുടെ  വെടിക്കെട്ടില്‍ ശ്രീലങ്ക ചാരമായി. രോഹിതിന്റെ (43 പന്തില്‍ 118) അസാമാന്യ പ്രകടനം കണ്ട രണ്ടാം ട്വന്റി-20യില്‍ ഇന്ത്യ ലങ്കയെ 88 റണ്ണിന് തോല്‍പ്പിച്ചു. 35 പന്തില്‍ സെഞ്ചുറി നേടിയ രോഹിത് റെക്കോഡിന് ഒപ്പമെത്തി.  ദക്ഷിണാഫ്രിക്കക്കാരന്‍ ഡേവിഡ് മില്ലറുടെ റെക്കോഡിനൊപ്പമാണ് രോഹിത് എത്തിയത്.

ഇന്ത്യ അടിച്ചുകൂട്ടിയത് അഞ്ചിന് 260. ട്വന്റി-20യിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനൊപ്പമെത്താനും ഇന്ത്യക്ക് കഴിഞ്ഞു. ലങ്ക 17.2 ഓവറില്‍ 9-172ന് അവസാനിച്ചു. പരിക്കുകാരണം ഏഞ്ചലോ മാത്യൂസ് ബാറ്റിങ്ങിന് ഇറങ്ങിയില്ല. പരമ്പര ഒരു കളിശേഷിക്കെ ഇന്ത്യ 2-0ന് നേടി.

സിക്സറുകളുടെയും ബൌണ്ടറികളുടെയും പെരുമഴയായിരുന്നു ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍. ആകെ 21 സിക്സറുകള്‍ പിറന്നു. 21 ബൌണ്ടറികളും. അതില്‍ 10 സിക്സറും 12 ബൌണ്ടറികളും രോഹിതിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 43 പന്തിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ 118 റണ്ണടിച്ചുകൂട്ടിയത്. ലോകേഷ് രാഹുല്‍ 49 പന്തില്‍ 89 റണ്ണടിച്ചു.

എട്ട് സിക്സറും അഞ്ച് ബൌണ്ടറികളും. മഹേന്ദ്ര സിങ് ധോണി (21 പന്തില്‍ 28), ഹാര്‍ദിക് പാണ്ഡ്യ (3 പന്തില്‍ 10) കൂറ്റന്‍ സ്കോറൊരുക്കാന്‍ സഹായിച്ചു. തിസര പെരേര എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ഏഴ് റണ്‍ മാത്രമാണ് നേടാനായത്.

മറിച്ചായിരുന്നെങ്കില്‍ ഇന്ത്യക്ക് ട്വന്റി-20യിലെ ഏറ്റവും മികച്ച സ്കോറെന്ന റെക്കോഡ് കുറിക്കാമായിരുന്നു. കെനിയക്കെതിരെ ശ്രീലങ്ക കുറിച്ച 260 റണ്ണിനൊപ്പമാണ് ഇന്ത്യ എത്തിയത്.

മറുപടിക്കെത്തിയ ലങ്ക മികച്ചരീതിയില്‍ തുടങ്ങി. കുസാല്‍ പെരേര 37 പന്തില്‍ 77 റണ്ണെടുത്തു. എന്നാല്‍ കുല്‍ദീപ് യാദവും യുശ്വേന്ദ്ര ചഹലും ചേര്‍ന്ന് ലങ്കയെ തകര്‍ത്തു. ചഹല്‍ നാലും കുല്‍ദീപ് മൂന്നും വിക്കറ്റെടുത്തു.

രണ്ടാം മത്സരത്തിലും ടോസ് കിട്ടിയ ലങ്കന്‍ ക്യാപ്റ്റന്‍ പെരേര ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ നാലോവറില്‍ 26 റണ്‍ മാത്രമായിരുന്നു ഇന്ത്യയുടെ സ്കോര്‍. എന്നാല്‍ അഞ്ചാമത്തെ ഓവറില്‍ നുവാന്‍ പ്രദീപിനെ 17 റണ്ണിന് ശിക്ഷിച്ച് ഇന്ത്യ റണ്ണൊഴുക്കിന്റെ ഗതിമാറ്റി. ഹോള്‍ക്കറിലെ ചെറുമൈതാനത്ത് സിക്സറുകള്‍ ഒന്നൊന്നായി പറന്നു. ഫീല്‍ഡര്‍മാര്‍ കാഴ്ചക്കാരായി.

പെരേരയുടെ ഒരോവറില്‍ തുടര്‍ച്ചയായി നാല് സിക്സറുകളാണ് രോഹിത് പറത്തിയത്. പതിമൂന്നാമത്തെ ഓവറില്‍ രോഹിതിനെ ദുശ്മന്ത ചമീര പുറത്താക്കി. അപ്പോഴേക്കും ഇന്ത്യയുടെ ഏറ്റവും മികച്ച ഒന്നാംവിക്കറ്റ് സ്കോര്‍ നേടിയിരുന്നു. 175 റണ്ണാണ് ഒന്നാം വിക്കറ്റില്‍ വന്നത്. അവസാന 92 പന്തില്‍ അടിച്ചുകൂട്ടിയത് 207 റണ്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News