വിനീതിന്റെ മിന്നുന്ന ഗോള്‍; ബ്ലാസ്റ്റേഴ്‌സിന് സമനില

സികെ വിനീതിന്റെ മിന്നുന്ന ഗോളില്‍ ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില (1-1). അവസാനഘട്ടത്തില്‍ ആവേശകരമായ മത്സരത്തില്‍ പെനല്‍റ്റിഗോളില്‍ പിന്നിട്ടുനിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്.

പരിക്കുസമയത്ത് സന്ദേശ് ജിങ്കന്റെ തകര്‍പ്പന്‍ ക്രോസില്‍ കാല്‍വച്ച് വിനീത് ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയഗോള്‍ കുറിച്ചതും വിനീതായിരുന്നു. ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്തുതുടരുകയാണ് ബ്ലാസ്റ്റേഴ്‌സ്. ചെന്നൈയിന്‍ 13 പോയിന്റോടെ ഒന്നാം സ്ഥാനത്തേക്ക് കയറി.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്തിയില്ല റെനെ മ്യുലെന്‍സ്റ്റീന്‍. പരിക്കിലുള്ള ദിമിതര്‍ ബെര്‍ബറ്റോവ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തിരുന്നു. വെസ് ബ്രൌണ്‍ രണ്ടാം മത്സരത്തിനിറങ്ങി. ഇയാന്‍ ഹ്യൂം പകരക്കാരുടെ നിരയില്‍ തുടര്‍ന്നു. വലിയ ചലനങ്ങളില്ലാതെയാണ് കളിയുടെ ആദ്യഘട്ടം അവസാനിച്ചത്.

ബ്ലാസ്റ്റേഴ്‌സാണ് ഭേദപ്പെട്ടുനിന്നത്. അരമണിക്കൂര്‍ തികയുംമുമ്പ് മികച്ചൊരു അവസരം ബ്ലാസ്റ്റേഴ്‌സിന് കിട്ടി. സികെ വിനീതിന്റെ ഒന്നാന്തരം ക്രോസ് ഗോളി മാത്രം മുന്നില്‍നില്‍ക്കെ ജാക്കിചന്ദ് സിങ് ബാറിന് മുകളിലൂടെ പായിച്ചു. ഇടവേളയ്ക്കുശേഷം വീണ്ടും ബ്ലാസ്റ്റേഴ്‌സ് ഗോളിനടുത്തെത്തി. വിനീത് ബോക്‌സിലേക്കിട്ട പന്ത് ലാല്‍റുവാത്താറ തൊടുത്തു. പക്ഷേ, ചെന്നൈയിന്‍ ഗോളി കരണ്‍ജിത് അതിനെ തടഞ്ഞു.

അവസാന നിമിഷം ചെന്നൈയിന്‍ ആഞ്ഞടിച്ചു. ഫ്രാന്‍സിസ്‌കോ ഫെര്‍ണാണ്ടസിന്റെ അടി തടയാനുള്ള ശ്രമത്തിനിടെ പന്ത് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ കൈയില്‍ പതിക്കുകയായിരുന്നു. മിച്ചെലിന്റെ കിക്ക് ബ്ലാസ്റ്റേഴ്‌സ് ഗോളി പോള്‍ റെചുകയ്ക്ക് തടയാനായില്ല. നിമിഷങ്ങള്‍ക്കകം ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News