സംഘപരിവാര്‍ കൊലയെ, ആള്‍ക്കൂട്ട കൊലപാതകമാക്കി മുനവ്വറലി ശിഹാബ് തങ്ങള്‍; മണിക്കൂറുകള്‍ക്ക് ശേഷം തിരുത്തും

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പള്ളിയില്‍ക്കയറി കൊലപ്പെടുത്തിയ മദ്രസാ അധ്യാപകന്‍ റിയാസ് മൗലവിയുടേത് ആള്‍ക്കൂട്ട കൊലപാതകമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍.

ഫേസ്ബുക്കിലൂടെയായിരുന്നു മുനവ്വറലി തങ്ങളുടെ പരാമര്‍ശം. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം തിരുത്തുകയും ചെയ്തു. കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതികള്‍ ആള്‍ക്കൂട്ടമാണെന്ന് മുനവ്വറലി പറഞ്ഞത്.

റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി വീടുവച്ച് നല്‍കിയെന്ന വാര്‍ത്ത പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിലായിരുന്നു പരാമര്‍ശം. റിയാസ് മൗലവിയുടെ മകള്‍ ഫാത്തിമ ശബീബയുടെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു പോസ്റ്റ്.

മുനവ്വറലിയുടെ ആദ്യ പോസ്റ്റിന്റെ തുടക്കം ഇങ്ങനെ:

ഇത് ഫാത്തിമ ശബീബ മോള്‍, ആള്‍ക്കൂട്ട ആള്‍ക്കൂട്ടകൊലപാതകത്തിനിരയായ റിയാസ് മൗലവിയുടെ പിഞ്ചോമന മകള്‍. ഈ നാട്ടിലെ പൗരന്മാര്‍ക്ക് സുഖമായൊന്ന് ഉറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യം തീരത്ത് വെച്ച ഒരു സാമൂഹ്യ ചുറ്റുപാടുണ്ട് ഇവിടെ. തനിക്കിഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍, തനിക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍, തന്റെ മനസ്സില്‍ തോന്നുന്നത് തുറന്ന് പറയാനുമൊക്കെ സ്വതന്ത്ര്യം നിഷേധിക്കപ്പെടുന്ന ഒരു രാഷ്ട്രമായി നമ്മുടെ രാജ്യം മാറിയിരിക്കുന്നു…….

തിരുത്തിയ പോസ്റ്റ് ഇങ്ങനെ:

ഇത് ഫാത്തിമ ശബീബ മോള്‍….. സംഘ് പരിവാറിന്റെ കൊലക്കത്തിക്ക് ഇരയായ റിയാസ് മൗലവിയുടെ പിഞ്ചോമന മകള്‍. ജീവിതത്തില്‍ ഒരു മനുഷ്യനെ പോലും നോവിക്കാത്ത പാവപ്പെട്ട ഒരു മത പണ്ഡിതനെ വിശുദ്ധമായ പളളിയില്‍ കയറി, മനുഷ്യ ജീവന് പുല്ല് വില പോലും കല്‍പിക്കാത്ത ചില കലാപകാരികള്‍ അറുകൊല ചെയ്ത് ആനന്ദ നൃത്തം ചവിട്ടിയപ്പോള്‍, പൊന്നുമോള്‍ ഫാത്തിമക്ക് നഷ്ടപ്പെട്ടത് തന്റെ ജീവനായ സ്വന്തം പിതാവിനെയാണ്.

ആശ്വാസത്തോടെ തല ചായക്കാന്‍ പോലും, പിറന്ന നാട്ടില്‍ സാധിക്കാത്ത സാഹചര്യം തീര്‍ത്ത് വെച്ച ഒരു സാമൂഹ്യ ചുറ്റുപാടാണിന്ന്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍, തനിക്കിഷ്ടപ്പെട്ട വസ്ത്രം ധരിക്കാന്‍, മനസ്സില്‍ തോന്നുന്നത് തുറന്ന് പറയാനുമൊക്കെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു രാഷ്ട്രമായി നമ്മുടെ രാജ്യം മാറിയിരിക്കുന്നു.

ഈ രീതിയില്‍ നിയമങ്ങള്‍ കയ്യിലെടുക്കുമ്പോള്‍ ഇവിടെ ആരാരുമില്ലാതായിത്തീരുന്ന ഒത്തിരി ജീവനുകളുണ്ട്. അവരെ സംരക്ഷിക്കാന്‍ സമൂഹം തയ്യാറയതിന്റെ വലിയ ഉദാഹരണമാണ് കാസര്‍ഗോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി റിയാസ് മൗലവിയുടെ കുടുംബത്തിനു ഒരു വീട് വെച്ച് നല്‍കിയതിലൂടെ യാഥാര്‍ത്ഥ്യമായത്.

ദൈവിക പ്രതിഫലം മാത്രം കാംക്ഷിച്ച് ഇതിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച കാസര്‍ഗോട്ടെ നല്ലവരായ പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു. സര്‍വ്വശക്തന്‍ അവരുടെ പ്രവര്‍ത്തനം സ്വീകരിക്കുകയും, കൊല്ലപ്പെട്ട റിയാസ് മൗലവിവിയുടെ പരലോക ജീവിതം ധന്യമാക്കുകയും ചെയ്യട്ടെ.


മാര്‍ച്ച് 20ന് രാത്രിയിലാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പള്ളിയോട് ചേര്‍ന്നുള്ള മുറിയില്‍ അതിക്രമിച്ചു കയറി കിടന്നുറങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റിയാസ് മൗലവി കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News