ഒരു ക്രിസ്തുമസ് കൂടി കടന്നുവരുമ്പോള്‍ മലയാളത്തിലെ ഏറ്റവും നല്ല ക്രിസ്തുമസ് ഗാനവും ആർക്കും ഓർമ്മയിൽ വരും; ‘ദൈവത്തിൻ പുത്രൻ ജനിച്ചു…’

പി. ഭാസ്കരൻ – കെ. രാഘവൻ – എ. എം. രാജാ ടീമിന്റെ പാട്ട്. കുഞ്ചാക്കോ സംവിധാനം ചെയ്ത നീലി സാലിയിലേതാണ് ആ ഗാനം.

ആ തിരുപ്പിറവിപ്പാട്ടിനും ഇതു പിറന്നാൾ വേള. ആ പാട്ടുമായി നീലി സാലി പുറത്തിറങ്ങിയത് 1960 ഡിസംബർ 23 നാണ്. ‘ഉദയാ’യുടെ ക്രിസ്തുമസ് പടമായിരുന്നു നീലി സാലി. ആ പാട്ടിന് ഇത് 57-ാം പിറന്നാൾ കൂടിയാണ്.

പിന്നീടു കടന്നുപോയ അര നൂറ്റാണ്ടിലേറെക്കാലത്ത് ഒട്ടേറെ ക്രിസ്തുമസ് ഗാനങ്ങൾ മലയാളത്തിൽ പിറന്നിട്ടുണ്ട്. പക്ഷേ, ‘ദൈവത്തിൻ പുത്രൻ’ ഇന്നും നിത്യഹരിതം. സാഹിത്യഭംഗിയും മലയാളത്തനിമയും ഹൃദ്യമായ ഈണവും എല്ലാത്തിലും ഉപരി ഭക്തിയുടെ ലയവും ചേർന്ന് ആ ഗാനത്തെ അവിസ്മരണീയമാക്കി മാറ്റിയിരിക്കുന്നു.

ഹിന്ദുക്കൾ ക്രിസ്തുമസ് ആഘോഷിക്കരുതെന്ന വിലക്കുയരുന്ന ഈ കാലത്ത് ഒരു കാര്യം എടുത്തു പറയണം – ആ പാട്ടിന്റെ മുഖ്യ അണിയറപ്രവർത്തകർ ക്രൈസ്തവേതര മതങ്ങളിൽ ജനിച്ചവരാണ്. കേരളത്തിന്റെ കലാരംഗത്തിന്റെയും മലയാള സിനിമയുടെയും മതേതര പാരമ്പര്യത്തിന്റെ വിളംബരം കൂടിയാണ് തിരുപ്പിറവിയെ വാ‍ഴ്ത്തുന്ന ‘ദൈവത്തിൻ പുത്രൻ’. മാലാഖമാരവർ പാടി, ഇനി മാനവർക്കെല്ലാം സമാധാനം എന്ന ആ ഗാനത്തിലെ വരികൾ ഇന്നു മു‍ഴങ്ങുന്നത് ഫാസിസത്തിനെതിരായ മുദ്രാവാക്യം കൂടി ആയാണ്.

“ദൈവത്തിന്‍ പുത്രൻ ജനിച്ചു
ഒരു പാവന നക്ഷത്രം വാനിലുദിച്ചു
കന്യകമാതാവിന്‍ കണ്ണിലുണ്ണിയെ
കാണായി പശുവിന്‍ തൊഴുത്തിൽ -അന്നു
കാണായി പശുവിന്‍ തൊഴുത്തിൽ

മാനവരാശിതന്‍ പാപങ്ങളാകെ തൻ
പാവനരക്തത്താൽ കഴുകീടുവാൻ
ഗാഗുല്‍ത്താ മലയിൽ ബലിയാടായ് തീരാൻ
ബതല്‍ഹാമിൽ പശുവിൻ തൊഴുത്തിലെ പുല്ലിൽ
ദൈവത്തിന്‍ പുത്രൻ ജനിച്ചു

മാലാഖമാരവർ പാടി ഇനി
മാനവര്‍ക്കെല്ലാം സമാധാനമെന്നായ്
സ്വര്‍ഗത്തിൽ ദൈവത്തെ വാഴ്ത്തി വാഴ്ത്തി
സ്വര്‍ഗീയ സംഗീതം പാടി – അന്നു
സ്വര്‍ഗീയ സംഗീതം പാടി
ദൈവത്തിന്‍ പുത്രന്‍ ജനിച്ചു

രാവിലാ നക്ഷത്രം വാനിലുദിച്ചപ്പോൾ
രാജാക്കൾ മൂന്നുപേർ വന്നുചേര്‍ന്നു
മതിമറന്നപ്പോൾ മധുരമാം ഗാനം
ഇടയന്മാരെങ്ങെങ്ങും പാടി നടന്നു

ഈശോമിശിഹാ വന്നല്ലോ
ഇനിമേൽ മന്നിനു സുഖമല്ലോ
ഓശാനാ ഓശാനാ

പാപം പോക്കും ശിശുവല്ലോ
പാവന ദൈവിക ശിശുവല്ലോ
ഓശാനാ ഓശാനാ”

ഭാസ്കരൻ മാസ്റ്ററുടെ ല‍ളിതപദരചനയിൽ രാഘവൻ മാസ്റ്ററുടെ ലയമധുരസംഗീതത്തിൽ രാജായുടെ ഭാവസാന്ദ്രമായ ശബ്ദത്തിൽ ആ ഗാനം ഇങ്ങനെയാണ്:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News