കാല്‍പന്തുലോകത്തെ ഏറ്റവും വീറും വാശിയും നിറഞ്ഞു നില്‍ക്കുന്ന പോരാട്ടമായ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിന് നാണം കെട്ട തോല്‍വി. മെസിയും കൂട്ടരും കളം നിറഞ്ഞു കളിച്ചപ്പോള്‍ റൊണാള്‍ഡോയും സംഘവും നിഷ്പ്രഭരായി.

മുന്നില്‍ നിന്ന് പടനയിച്ച മെസി തന്നെയാണ് കറ്റാലന്‍ വമ്പന്‍മാര്‍ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാ‍ഴ്സയുടെ ജയം. സുവാരസും മെസിയും വിദാലുമാണ് റയലിന്‍റെ കോട്ട തകര്‍ത്ത ഗോളുകള്‍ നേടിയത്.

ഒരേ മനസ്സാല്‍ മെസിയും കൂട്ടരും കുതിച്ചപ്പോള്‍ റൊണാള്‍ഡോയും ബെയിലുമടക്കമുള്ള വന്‍ താരനിര കാ‍ഴ്ചക്കാരായി. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം 54ാം മിനിട്ടില്‍ ലൂയി സുവാരസാണ് ആദ്യ ഗോള്‍ നേടിയത്.

പത്തുമിനിട്ടുകള്‍ക്കിപ്പുറം പെനാല്‍ട്ടിയിലൂടെ മെസിയും വലകുലുക്കി. ഇഞ്ചുറി ടൈമില്‍ വിദാല്‍ പട്ടിക തികച്ചതോടെ റയലിന്‍റെ പതനം പൂര്‍ത്തിയായി.

എല്‍ ക്ലാസിക്കോയിലെ തകര്‍പ്പന്‍ ജയത്തോടെ ലാലിഗ കിരീടത്തിലേക്ക് ബാ‍ഴ്സലോണ ഒരു പടി കൂടി അടുത്തിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാള്‍ 9 പോയിന്‍റ് ലീഡ് നേടാന്‍ ബാ‍ഴ്സയ്ക്കായി.

ചിര വൈരികളായ റയലിനേക്കാള്‍ 14 പോയിന്‍റിന്‍റെ ലീഡ് നേടാനും മെസിക്കും സംഘത്തിനുമായിട്ടുണ്ട്. നിലവില്‍ ബാ‍ഴ്സ 17 മത്സരങ്ങളില്‍ നിന്ന് 45 പോയിന്‍റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

17 മത്സരങ്ങളില്‍ നിന്ന് അത്ലറ്റിക്കോ 36 പോയിന്‍റുമായി രണ്ടാം സ്ഥാനത്തും 16 മത്സരങ്ങളില്‍ നിന്ന് 31 പോയിന്‍റുമായി റയല്‍ നാലാം സ്ഥാനത്തുമാണ്. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ ഇക്കുറി പതിവില്ലാത്ത വിധം തിരിച്ചടി നേരിടുകയാണ്.

 

മെസിയുടെ പെനാല്‍ട്ടി ഗോള്‍