ഇതാണ് കേരള മോഡല്‍; കേരളത്തെ വിമര്‍ശിക്കുന്നവര്‍ കാണണം; ഇടതു സര്‍ക്കാരിന്‍റെ കുട്ടി പൊലീസ് സേന പദ്ധതി മോദി സര്‍ക്കാര്‍ മാതൃകയാക്കുന്നു

വിഎസ് അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കേരളം നടപ്പിലാക്കി വിജയിപ്പിച്ച കുട്ടി പോലീസ് സേന പദ്ധതിയായ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി മോഡി സര്‍ക്കാരും മാതൃകയാക്കുന്നു. വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് പദ്ധതി നടപ്പിലാക്കി വന്‍ വിജയമാക്കിയത്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി തന്നെ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.

ഹരിയാനയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്ക് തുടക്കമാകുക. പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ അടുത്ത് മനസിലാക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന പദ്ധതിയായാണ് സ്‌റ്റേുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി വിശേഷിപ്പിക്കപ്പെട്ടത്.

അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ഹരിയാനയിലാണ് പദ്ധതി നടപ്പിലാക്കുകയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികളില്‍ സാമൂഹിക ഉത്തരവാദിത്ത ബോധം വളര്‍ത്തുന്നതിനും ആരോഗ്യകരമായ ചിന്തകള്‍ ഉണര്‍ത്തുന്നതിനും പദ്ധതി ലക്ഷ്യമിടുന്നതായി ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ‘ഈ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ ആവശ്യമായ ഊര്‍ജ്ജം കുട്ടികളിലുണ്ട്. അവരുടെ സ്വപ്‌നങ്ങള്‍ക്കും കരുത്ത് പകരാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും’; രാജ്‌നാഥ് സിംഗ് പറഞ്ഞു.

കേരളത്തില്‍ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാരും മുന്നോട്ടുകൊണ്ടുപോയിരുന്നു. ഏഴുവര്‍ഷത്തിനിപ്പുറം ഏറ്റവും വിജയകരമായി നടപ്പിലാക്കിയ പദ്ധതിയായി സ്റ്റുഡന്റ് കേഡറ്റ് പദ്ധതി മാറി. ഹരിയാനയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് രാജ്യമാകെ വ്യാപിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here