എഐഎഡിഎംകെ പക്ഷത്തിനുണ്ടായ തിരിച്ചടി തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകം; ബിജെപിക്ക് നാണക്കേടും ഇരട്ടപ്രഹരവുമായി ആര്‍കെ നഗര്‍ ഫലം

ദില്ലി: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ഔദ്യോഗിക പക്ഷത്തിനുണ്ടായ തിരിച്ചടി തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ നിര്‍ണ്ണായകമാവും. മൂന്ന് മാസത്തിനകം സര്‍ക്കാര്‍ നിലംപതിക്കുമെന്ന് ടിടിവി ദിനകരന്‍ മുന്നറിയിപ്പ് നല്‍കി. എഐഎഡിഎംകെയില്‍ മന്നാര്‍ഗൂഡി സംഘത്തിന്റെ ശക്തമായ തിരിച്ചുവരവിനും ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ് ഫലം വഴിയോരുക്കിയേക്കും.

അതേസമയം, അണ്ണാ ഡിഎംകെയെ എന്‍ഡിഎയിലേക്ക് അടുപ്പിക്കാന്‍ കരുക്കള്‍ നീക്കുന്ന ബിജെപിക്ക് ആര്‍കെ നഗറിലെ ഫലം ഇരട്ട പ്രഹരമായി.

ജയലളിതയുടെ മരണത്തിന് ശേഷം ആരാണ് അടുത്ത നേതാവ് എന്നതായിരുന്നു എഐഎഡിഎംകെ അണികളിലുണ്ടായിരുന്ന ആശയക്കുഴപ്പം. പിന്‍ഗാമിയായി സ്വയം അവരോധിച്ച ശശികലയെയും അധികാരം പങ്കിട്ടെടുത്ത ഇടപ്പാടി പഴനിസ്വാമിയെയും ഒ പനീര്‍ സെല്‍വത്തെയും അണികള്‍ മനസ്സു കോണ്ട് നേതാവായി അംഗീകരിച്ചില്ല.

ഒ പനീര്‍ സെല്‍വവും ഇടപ്പാടി പളനി സ്വാമിയും ബിജെപിയുമായി അടുക്കുന്നതും അണ്ണാ ഡിഎംകെ അണികള്‍ തിരിച്ചറിഞ്ഞു. അവിടെയാണ് ടി ടി വി ദിനകരനെന്ന നേതാവിനെ ആര്‍ കെ നഗറിലെ വോട്ടര്‍മാര്‍ പിന്തുണച്ചത്. ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണെന്ന് വിജയത്തിന് ശേഷം ദിനകരന്‍ അവകാശപ്പെട്ടു കഴിഞ്ഞു.

മൂന്നുമാസത്തിനകം സര്‍ക്കാറിനെ താഴെയിറക്കുമെന്ന ദിനകരന്റെ പ്രഖ്യാപനവും വിരല്‍ ചൂണ്ടുന്നത് തമിഴ് രാഷ്ട്രീയത്തില്‍ ഗതിമാറ്റമുണ്ടാകുമെന്നതിലേക്ക് തന്നെയാണ്. അധികാരത്തിനൊപ്പം നില്‍ക്കുന്നവരെ പിന്തുണയ്ക്കുന്ന ചരിത്രമുള്ള എഐഎഡിഎംകെ എംഎല്‍എമാര്‍ ശക്തി തെളിയിച്ചു നില്‍ക്കുന്ന ദിനകരപക്ഷത്തേക്ക് ചായാന്‍ അധികനേരം വേണ്ടിവരില്ല.

അതേസമയം, ബിജെപിക്ക് നാണക്കേടും ഒപ്പം ഇരട്ടപ്രഹരവുമായി ആര്‍ കെ നഗര്‍ തിരഞ്ഞെടുപ്പ് ഫലം. ബിജെപി സ്ഥാനാര്‍ത്ഥി നോട്ടയ്ക്ക പിന്നാലെ ആറാം സ്ഥാനത്തേത്ത് പിന്തള്ളപ്പെട്ടതോടെ തമിഴ് ജനത കാവി രാഷ്ട്രീയത്തിന് എതിരാണെന്ന് ഒരിക്കല്‍ കൂടി അടിവരയിട്ട് ഉറപ്പിച്ചു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും എഐഎഡിഎംകെയെ ഒപ്പം കൂട്ടാന്‍ കരുക്കള്‍ നീക്കിയ ബിജെപി നേതൃത്വത്തിന് തിരിച്ചടി നല്‍കുന്നതായി ഔദ്യോഗിക പക്ഷത്തിനേറ്റ പരാജയം. ഒപിഎസ് ഇപിഎസ് ലയനം പോലും ബിജെപിയുടെ ആശിര്‍വാദത്തോടെയായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്.

അമിത് ഷാ മോഡി ഉള്‍പ്പെടെ ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒ പനീര്‍ സെല്‍വവും ഇടപ്പാടി പളനിസ്വാമിയും ആര്‍കെ നഗര്‍ നല്‍കിയ ആഘാതത്തില്‍ ഒരു പുനര്‍ വിചിന്തനത്തിന് തയ്യാറായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News