ക്രിസ്മസ് കരോള്‍ സംഘത്തെ സംഘപരിവാര്‍ ആക്രമിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്ന് മുഖ്യമന്ത്രി പിണറായി; മതനിരപേക്ഷത സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎം സ്വീകരിക്കുന്നത്

കണ്ണൂര്‍: മധ്യപ്രദേശില്‍ ക്രിസ്മസ് കരോള്‍ സംഘത്തെ തടഞ്ഞതും ആക്രമിച്ചതും രാജ്യത്തെ ഞെട്ടിച്ച നിരവധി സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സാധാരണ നടക്കാറുള്ള ക്രിസ്മസ് കരോളില്‍ പങ്കെടുത്ത സെമിനാരി വിദ്യാര്‍ഥികളെയടക്കമാണ് സ്റ്റേഷനില്‍ പിടിച്ചുകൊണ്ടുപോയി പൊലീസും സംഘപരിവാറും ചേര്‍ന്ന് തല്ലിയത്. വൈദികര്‍ പോയപ്പോള്‍ അവരെയും മര്‍ദിച്ചു. സ്ഥലം സന്ദര്‍ശിച്ച് ദില്ലിയിലെത്തി ആഭ്യന്തരമന്ത്രിയെ കണ്ട കര്‍ദിനാള്‍ ക്ലിമിസ് തിരുമേനി കേന്ദ്രസര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് പ്രതികരിച്ചതെന്നും പിണറായി പറഞ്ഞു.

പിണറായി പാറപ്രം സമ്മേളനത്തിന്റെ 78ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള സമ്മേളനം പാറപ്രത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷതയും രാജ്യത്തിന്റെ തനിമയുംതകര്‍ക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. മതനിരപേക്ഷത സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സിപിഐഎമ്മും ഇടതുപക്ഷവും സ്വീകരിക്കുന്നത്. തെറ്റായ കാര്യങ്ങളെ എതിര്‍ക്കാന്‍ ആരൊക്കെ തയാറുണ്ടോ അവരെയെല്ലാം ഒന്നിച്ച് കൂട്ടും. ശത്രുതാപരമായ നിലപാട് കണ്ട് ഇടതുപക്ഷം പിറകോട്ട് പോവില്ലെന്നും പിണറായി പറഞ്ഞു.

വിവിധ സര്‍വകലാശാലകളിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളാണ് ജയിച്ചുവന്നത്. രാജ്യത്ത് കര്‍ഷകരുടെയും തൊഴിലാളികളുടെയും ശക്തമായ സമരങ്ങള്‍ നടക്കുന്നു. അതിശക്തമായ ജനവികാരമാണ് ഉയരുന്നത്.

സംഘപരിവാര്‍ ഒറ്റപ്പെടുകയാണ്. ഈ ശക്തി രാജ്യത്തിന് ആപത്താണെന്നും വലിയ ബഹുജനമുന്നേറ്റം വേണമെന്നും ചിന്തിക്കുമ്പോള്‍ രാഷ്ട്രീയകൂട്ടുകെട്ടിന്റെ ചിത്രം മാറുമെന്നും പിണറായി പറഞ്ഞു.

രാഷ്ട്രീയകൂട്ടുകെട്ട് നയത്തിന്റെ അടിസ്ഥാനത്തിലാണ്. നവഉദാരവല്‍ക്കരണ നയത്തിന്റെ ദുരന്തമാണിപ്പോള്‍ രാജ്യം അനുഭവിക്കുന്നത്. ആ നയം ആദ്യം നടപ്പാക്കിയത് മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരാണ്. കോണ്‍ഗ്രസിനോടുള്ള വിരോധമാണ് ബിജെപിയെ അധികാരത്തിലെത്തിച്ചത്. അതേനയമാണിപ്പോള്‍ മോദിയും നടപ്പാക്കുന്നത്. ഈ നയത്തെ പരാജയപ്പെടുത്താന്‍ അതിന്റെ സ്രഷ്ടാക്കളെ കൂട്ടുപിടിച്ചത്‌കൊണ്ട് ഫലമുണ്ടാവില്ല.

രാഹുല്‍ഗാന്ധി നയത്തില്‍ ഒരു തിരുത്തലിനും തയ്യാറായിട്ടില്ല. നയംതിരുത്താതെ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചുള്ള തെരഞ്ഞെടുപ്പിന് ഇടതുപക്ഷവും സിപിഐഎമ്മും ആഗ്രഹിക്കുന്നില്ല. രാജ്യം നേരിടുന്ന ആപത്തിനെതിരായ വിശാലമായ ബഹുജനമുന്നേറ്റം ഉയര്‍ത്തികൊണ്ടുവരാന്‍ സിപിഐഎം നല്ലതോതില്‍ മുന്‍കൈയെടുക്കും.

കേരളത്തില്‍ ബദല്‍ നയമാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും കഴിയാവുന്നത്ര ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുകയാണെന്നും പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News