മത്സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ കണ്ണീരില്‍ കുതിര്‍ന്ന ക്രിസ്തുമസ്; ഇവര്‍ കാത്തിരിക്കുകയാണ്, പ്രതീക്ഷയോടെ കരയുകയാണ്, വിട്ടുപോയവരെയോര്‍ത്ത്

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച, ദുരിതം വിട്ടുമാറാത്ത തീരപ്രദേശങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഇത്തവണ കണ്ണീരില്‍ കുതിര്‍ന്ന ക്രിസ്തുമസ്സാണ്. ദുരിതബാധിതരുടെ ദുഖത്തില്‍ പങ്കുേചര്‍ന്ന് ആഘോഷപരിപാടികളൊന്നുമില്ലാതെയാണ് തീരപ്രദശത്തെ മറ്റ് മല്‍സ്യത്തൊഴിലാളികുടുംബങ്ങളും ക്രിസ്തുമസ്സിനെ വരവേല്‍ക്കുന്നത്.

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച് ഒരുമാസത്തോളമായിട്ടും തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളില്‍ നിന്ന് ദുരിതം വിട്ടുമാറിയിട്ടില്ല. ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷങ്ങളില്‍ നാടും നഗരവും മുഴുകുമ്പോള്‍ ഇത്തവണത്തെ ക്രിസ്തുമസ്സ് കണ്ണീരില്‍ കുതിര്‍ന്നതായിരിക്കുന്നു ദുരന്തതീരങ്ങളില്‍.

ഉറ്റവരുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേര്‍പാടില്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുഖിതരാണ്. എല്ലാവരും ക്രിസ്തുമസ്സിന്റെ ആരവത്തിലും ആഘോഷങ്ങളിലുമാകുമ്പോഴും തങ്ങളുടെ അത്താണി തിരികെ വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍.

കടലില്‍ കാണാതായവര്‍ ക്രിസ്തുമസ്സ് തലേന്നെങ്കിലും മടങ്ങിയെത്തുമെന്ന് കരുതി കാത്തിരുന്നവരുടെ കണ്ണുകളില്‍ നിലക്കാത്ത കണ്ണുനിര്‍മാത്രം. ദുരന്തബാധിതരുടെ ദുഖത്തില്‍ പങ്ക്‌ചേര്‍ന്ന് തീരപ്രദേശത്തെ മറ്റ് മല്‍സ്യത്തൊഴിലാളി കുടുംബങ്ങളും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ വേണ്ടെന്നു വച്ചു.

മേജര്‍ ആര്‍ച്ച് ബിഷപ്പ് സൂസാപാക്യത്തിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ലത്തീന്‍ കത്തോലിക്കാ സഭയുടെ ദേവാലയങ്ങളിലും ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ ഒഴിവാക്കി. ക്രിസ്തുമസ്സ് രാത്രിയിലെ കുറുബാന മാത്രമാണ് പള്ളികളില്‍ ഉണ്ടായിരുന്നത്. പല പള്ളികളിലും ദുരിതബാധിതര്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

മരിച്ചവരുടെ മൃതശരീരം പോലും കിട്ടാത്ത നിസ്സഹായ അവസ്ഥയില്‍ വിലപിക്കുകയാണ് ഇപ്പോഴും തീരദേശം. ക്രിസ്തുമസ്സ് ആയാലും പുതുവര്‍ഷമായാലും മല്‍സ്യത്തൊഴിലാളികളുടെ മനസ്സുകളില്‍ അതൊന്നുമില്ല. അവര്‍ കാത്തിരിക്കുകയാണ് പ്രതീക്ഷയോടെ കരയുകയാണ് വിട്ടുപോയവരെയോര്‍ത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News