കെജരിവാളിനെ ഒഴിവാക്കി ദില്ലി മെട്രോ മജന്ത ലൈന്‍ ഉദ്ഘാടനം ഇന്ന്; ചടങ്ങില്‍ മോദിക്കൊപ്പം ആദിത്യനാഥും

ദില്ലി: ദില്ലി മെട്രോയുടെ മജന്ത ലൈന്‍ ഇന്ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഒഴിവാക്കിയ ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഫ് ളാഗ് ഓഫ് ചെയ്യുന്നത്.

മെട്രോ ഉദ്ഘാടനത്തില്‍ നിന്നും ഇതാദ്യമായല്ല അരവിന്ദ് കെജരിവാളിനെ ഒഴിവാക്കുന്നത്. 2015ല്‍ വയലറ്റ് ലൈന്റെ നീളം വര്‍ധിപ്പിച്ച് ഹരിയാനയിലെ ഫരീദാബാദിനടത്ത് വരെ നീട്ടിയ ഭാഗത്തിന്റെ ഉദ്ഘാടനത്തില്‍ നിന്നും കെജരിവാളിനെ ഒഴിവാക്കിയിരുന്നു.

ദില്ലി മെട്രോയുടെ മൂന്നാംഘട്ടത്തില്‍ കല്‍ക്കാജി മുതല്‍ നോയിഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ വരെയുള്ള മജന്ദ ലൈന്റെ ഉദ്ഘാടനം നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് നടത്തുന്നത്. മോദി ഉദ്ഘാടം ചെയ്യുന്ന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രെയിന്‍ ഫ് ളാഗ് ഓഫ് ചെയ്യും.

മെട്രോയുടെ നിര്‍മാണ ചുമതല വഹിക്കുന്ന ഡിഎംആര്‍സിയുടെ പകുതി ഉടമസ്ഥാവകാശം ദില്ലി സര്‍ക്കാരിനാണെന്നിരിക്കെയാണ് കെജരിവാളിനെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നടപടി.

മെട്രോയിലെ ചാര്‍ജ് വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരുമായി കൊമ്പുകോര്‍ക്കുന്നതാണ് കെജരിവാളിനെ ഒഴിവാക്കിയതിന് പിന്നിലെന്നാണ് സൂചന.

അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here