അല്‍പം വ്യത്യസ്തമാണ് യുവനാളം സംഘടനയുടെ ക്രിസ്തുമസ് ആഘോഷങ്ങള്‍

ക്രിസ്മസ് കാലത്ത് നാടു മുഴുവന്‍ പുല്‍ക്കൂടുകളും അലങ്കാരങ്ങളും ഒരുക്കാറുണ്ടെങ്കിലും അല്‍പം വ്യത്യസ്തമാണ് തൃശൂര്‍ പാവറട്ടിയിലെ യുവനാളം സംഘടനയുടെ ആഘോഷങ്ങള്‍.

ക്രിസ്മസ് പുല്‍ക്കൂടിന്റെ പ്രദര്‍ശനമൊരുക്കി സംഭാവനകള്‍ സ്വീകരിച്ച് കാരുണ്യ പ്രവര്‍ത്തനത്തിനു വിനിയോഗിക്കുന്നവരാണ് ഇവിടെയുള്ളത്. ഇക്കുറി നോഹയുടെ പേടകത്തിന്റെ മാതൃകയിലാണ് പുല്‍ക്കൂട് ഒരുക്കിയത്.

ജനതയെ കാക്കാന്‍ ദൈവം രക്ഷകനായി അവതരിച്ചതിന്റെ ഓര്‍മ പുതുക്കുമ്പോള്‍ നന്മയുടെ പുതുകണങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുകയാണ് തൃശൂര്‍ പാവറട്ടിയിലെ സുമനസ്സുകളുടെ കൂട്ടായ്മ. സാമൂഹിക സാംസ്‌കാരിക രംഗത്ത് ഇരുപത്തിയഞ്ച് വര്‍ഷം സാന്നിധ്യമറിയിച്ച യുവനാളം സംഘടന ഇക്കുറിയും ക്രിസ്മസ് ദിനത്തില്‍ സജീവമാണ്. നോഹയുടെ പേടകത്തിന്റെ മാതൃകയില്‍ ഇവര്‍ ഒരുക്കിയ പുല്‍ക്കൂട് കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്.

ഫാദര്‍ വര്‍ഗ്ഗീസ് കാക്കച്ചേരി നേതൃത്വം നല്‍കുന്ന സംഘടനയില്‍ സമൂഹത്തിലെ നാനാ തുറകളിലുള്ളവരും അംഗങ്ങളാണ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ പുല്‍ക്കൂട് ഒരുക്കാറുണ്ട്. പനമ്പു കൊണ്ട് നിര്‍മ്മിച്ച നോഹയുടെ പേടകത്തിന്റെ മാതൃകയിലുള്ള പുല്‍ക്കൂടിന് പിന്നില്‍ പതിനെട്ട് പേരുടെ ഒന്നര മാസക്കാലത്തെ അധ്വാനമുണ്ട്.

ഇരുപതിനായിരം രൂപയാണ് നിര്‍മാണ ചെലവ്. പ്രദര്‍ശനത്തിലൂടെ സംഘടനയ്ക്ക് ലഭിക്കുന്ന വരുമാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്.

നാല് വര്‍ഷം മുമ്പ് യുവനാളം സംഘടനയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News