മാനേജര്‍ ഭാര്യ സമ്പാദ്യം തട്ടിയെടുത്തു; ആ‍ഴ്സണല്‍ സൂപ്പര്‍താരം പെരുവ‍ഴിയില്‍; വീഡിയോ

ഭാര്യയെ മാനേജരാക്കിയ ഐവറികോസ്റ്റിന്‍റെ മുന്‍ ആ‍ഴ്സണല്‍ ഡിഫന്‍ഡര്‍ ഇമ്മാനുവല്‍ എബോയ്ക്ക് കിട്ടിയത് എട്ടിന്‍റെ പണി. യൂറോപ്യന്‍ ഫുട്‌ബോളില്‍ കത്തി നില്‍ക്കുന്ന കാലത്ത് എബോയുടെ സമ്പാദ്യമെല്ലാം കൈകാര്യം ചെയ്തത് ഭാര്യ ഓറെലിയായിരുന്നു.

എബോയ്ക്ക് വലിയ വിദ്യാഭ്യാസമില്ലാഞ്ഞതിനാലായിരുന്നു സാമ്പത്തിക കാര്യങ്ങള്‍ ഓറെലിയെ ഏല്‍പ്പിച്ചത്. സ്നേഹമുള്ള ഭാര്യ പറയുന്നിടത്തെല്ലാം എബോ ഒപ്പിട്ട് നല്‍കി.

ഒടുവില്‍ ഭാര്യ തേച്ചിട്ട് പോയപ്പോള്‍ ഈ ഫുട്ബോള്‍ താരത്തിന് കിടന്നുറങ്ങാന്‍ സ്ഥലമൊന്നുമില്ല. സമ്പാദ്യത്തിനൊപ്പം മൂന്ന് മക്കളെയും ഭാര്യ തന്നില്‍ നിന്ന് അകറ്റിയതോടെ ആത്മഹത്യയുടെ വക്കിലാണ് താനെന്ന് എബോ പറയുന്നു.

ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് എട്ട് ദശലക്ഷം യൂറോ വരുമാനം ലഭിച്ചപ്പോള്‍ വീട്ടിലെ ചെലവുകള്‍ക്കായി ഏഴ് ദശലക്ഷം യൂറോയും വേണമെന്ന് മാനേജര്‍ ഭാര്യ നിര്‍ബന്ധിച്ചു.

എതിര്‍പ്പൊന്നുമില്ലാതെ ഭാര്യ പറഞ്ഞിടത്ത് എബോ ഒപ്പുവെച്ചു. മൂന്നു മക്കള്‍ക്കും കുടുംബത്തിനുമല്ലേ തന്‍റെ സമ്പാദ്യമെന്ന് ഓബോ കരുതി. രണ്ട് പെണ്‍കുട്ടികളും ഒരു മകനുമാണ് എബോയ്ക്കുള്ളത്.

പതിനാല് വയസുള്ള ക്ലാരയും പന്ത്രണ്ട് വയസുള്ള മീവയും. മകന്‍ മാതിസിന് ഒമ്പത് വയസ്. എബോ ഇവരുമായി സംസാരിച്ചിട്ട് നാളുകളായി. ഇടക്ക് ഫോണില്‍ ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ മക്കളെയും അകറ്റിക്കളഞ്ഞു. ഇതാണ് തന്നെ തകര്‍ത്തു കളഞ്ഞതെന്ന് എബോ പറയുന്നു.

ഡെയ്‌ലി മിറര്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് എബോ തന്‍റെ ദുരന്തം വിവരിച്ചത്. സ്വന്തമായൊരു വീടുണ്ടെങ്കിലും അതില്‍ താമസിക്കാന്‍ എബോയ്ക്ക് ഭയമാണ്.

എപ്പോഴാണ് തന്നെ തേടി പൊലീസ് വരുക എന്നറിയാത്തതിനാല്‍ വീട്ടിലുള്ളപ്പോള്‍ ലൈറ്റിടാതെ പതുങ്ങിയിരിക്കാറാണ്. ഡിവോഴ്‌സ് വ്യവസ്ഥ അനുസരിച്ച് ആകെയുള്ള വീടും കൂടി എബോ മുന്‍ ഭാര്യ ഓറെലിക്ക് നല്‍കേണ്ടതുണ്ട്.

വസ്ത്രം അലക്കാനും പാചകം ചെയ്യാനും പണ്ട് മുത്തശ്ശി പഠിപ്പിച്ചത് ഭാഗ്യമായി. അല്ലെങ്കില്‍ ഇപ്പോ‍ള്‍ പട്ടിണി കിടക്കേണ്ടി വരുമായിരുന്നുവെന്ന് എബോ പറയുന്നു.

വക്കീലിന്‍റെയോ സുഹൃത്തുക്കളുടെയോ വീട്ടിലോ ചിലപ്പോള്‍ കടതിണ്ണയിലോ ആണ് ഇപ്പോള്‍ എബോയുടെ ഉറക്കം. വാഹനങ്ങളെല്ലാം ഡിവോഴ്‌സ് സെറ്റില്‍മെന്‍റിനായി എബോയ്ക്ക് വില്‍ക്കേണ്ടി വന്നു.

മുന്‍ താരത്തെ സഹായിക്കാന്‍ ആഴ്‌സണല്‍ ക്ലബ്ബ് അധികൃതര്‍ മുന്നോട്ട് വന്നിട്ടുണ്ട്. യൂത്ത് ടീമിന്‍റെ കോച്ചിംഗ് സ്റ്റാഫുകളിലൊരാളാക്കാനാണ് ആലോചന. ഫുട്‌ബോള്‍ പ്ലെയേഴ്‌സ് അസോസിയേഷനും എബോയുടെ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News