മുംബൈയിലെ സ്‌കൂളുകളില്‍ ശിരോവസ്ത്രങ്ങള്‍ക്കും ഹിജാബിനും നിരോധനം; രക്ഷിതാക്കള്‍ക്കും ശിരോവസ്ത്രമുപയോഗിച്ച് സ്‌കൂളില്‍ കയറാനാകില്ല

മുംബൈ: മോദി സര്‍ക്കാര്‍ അധികാരമേറ്റ നാള്‍ മുതല്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമം ശക്തമാക്കിയിരുന്നു. പാഠപുസ്തകങ്ങളില്‍ കാവിവത്കരണത്തിന്റെ പേരില്‍ മോദിസര്‍ക്കാര്‍ വലിയ തോതില്‍ വിമര്‍ശനമേറ്റുവാങ്ങിയിട്ടുണ്ട്.

കേന്ദ്രം ഭരിക്കുന്ന മോദിയെക്കാള്‍ വേഗത്തില്‍ കാവിവത്കരണം നടപ്പാക്കാനുള്ള നീക്കം നടത്തിയത് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളിലൂടെയായിരുന്നു. രാജസ്ഥാനിലെ വസുന്ധരാരാജ സിന്ധ്യയും മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാനും മഹാരാഷ്ട്രയിലെ ദേവന്ദ്ര ഫഡ്‌നവീസും യു പിയിലെ യോഗി ആദ്യത്യനാഥും കാവിവത്കരണത്തിന്റെ ശക്തരായ വക്താക്കളാണ്.

അതിനിടയിലാണ് സ്‌കൂളുകളില്‍ ശിരോവസ്ത്രങ്ങള്‍ക്കും ഹിജാബിനും നിരോധനമേര്‍പ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. മുംബൈയിലെ സ്വകാര്യ സ്‌കൂളുകളിലാണ് ഇത്തരത്തില്‍ നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാണ് ഇത്തരത്തില്‍ നിരോധനമേര്‍പ്പെടുത്താന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. രക്ഷിതാക്കളെന്ന വ്യാജേനെ മുഖം മറച്ച് സ്‌കൂളില്‍ എത്തി കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ ശക്തമാണെന്നും വിവരിച്ചിട്ടുണ്ട്.

മുഖം മറയ്ക്കുന്ന തരത്തിലുള്ള എല്ലാ വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയതായി സ്‌കൂള്‍ അധികൃതര്‍ വിശദീകരിച്ചു. സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറണമെങ്കില്‍ ഇനി മുതല്‍ ഇത്തരം ശിരോവസ്ത്രങ്ങള്‍ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികള്‍ക്ക് മാത്രമല്ല രക്ഷിതാക്കള്‍ക്കും സ്‌കൂളിലെത്തുന്ന എല്ലാവര്‍ക്കും ഈ വിലക്ക് ബാധകമാണ്. സ്‌കൂള്‍ പരിസരം വിട്ടു പോകുന്നതുവരെ മുഖം മറയ്ക്കാന്‍ കുട്ടികളെ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ശിരോവസ്ത്രങ്ങള്‍ക്കും ഹിജാബിനും നിരോധനമേര്‍പ്പെടുത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. രാജ്യവ്യാപകമായി ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നുണ്ടെന്നും അതിന്റെ പരീക്ഷണമാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനത്തിന്റെ തലസ്ഥാനത്ത് ഇത്തരം വിലക്കേര്‍പ്പെടുത്തിയതെന്നുമാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here