സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു; പ്രതിനിധി സമ്മേളനം ഇന്ന് ആരംഭിക്കും; ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി

ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സി.പി.ഐ.എം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് നാട്ടികയിലെ തൃപ്രയാറില്‍ പതാക ഉയര്‍ന്നു.

ഇന്ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ടവരും ജില്ലാ കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ മുന്നൂറ്റി തൊണ്ണൂറ്റിയൊന്‍പത് പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക.

തൃശൂരിലെ ജനങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ സി.പി.ഐ.എമ്മിന്റെ മൂന്ന് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജില്ലാ സമ്മേളനത്തിന് ഇന്ന് ഔദ്യോഗിക തുടക്കമാകും.

ഇന്നലെ സമ്മേളനത്തിന്റെ വിളംബരമറിയിച്ച് കയ്പമംഗലത്തെ രക്തസാക്ഷി മണ്ഡലത്തില്‍ സിപിഐഎം സംസ്ഥാന കമ്മറ്റി അംഗവും മന്ത്രിയുമായ എ.സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്ത കൊടിമര ജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം എം.എം വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ പൊതു സമ്മേളന നഗരിയില്‍ എത്തി. പി.കെ ബിജു എം.പി കൊടിമരം ഏറ്റുവാങ്ങി.

എന്‍.ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്ത് കെ.വി അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ ചേറ്റുവയില്‍ നിന്ന് ജാഥയായി എത്തിയ പതാക യു.പി ജോസഫ് ഏറ്റുവാങ്ങി. കൊടിമര, പതാക, ദീപശിഖാ പ്രയാണ ജാഥകള്‍ പൊതുസമ്മേളന നഗരിയായ കെ.കെ മാമക്കുട്ടി നഗറില്‍ ഒത്തു ചേര്‍ന്നതോടെ സംഘാടക സമിതി ചെയര്‍മാന്‍ മുരളി പെരുനെല്ലി ചെങ്കൊടി ഉയര്‍ത്തി

നാട്ടികയിലെ പതിനാല് രക്ത സാക്ഷി മണ്ഡപങ്ങളില്‍ നിന്ന് എത്തിച്ച ദീപശിഖകള്‍ ഏറ്റുവാങ്ങി സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ സമ്മേളന നഗരിയില്‍ ദീപശിഖ തെളിയിച്ചു.

ഇന്ന് പത്ത് മണിക്ക് സി.ഒ പൗലോസ് നഗറില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട മുന്നൂറ്റി അന്‍പത്തിയേഴ് പേരും നാല്‍പ്പത്തിരണ്ട് ജില്ലാ കമ്മറ്റി അംഗങ്ങളും ഉള്‍പ്പെടെ മുന്നൂറ്റി തൊണ്ണൂറ്റിയൊന്‍പത് പേരാണ് മൂന്ന് ദിവസം നീളുന്ന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക.

കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ വിജയരാഘവന്‍, വൈക്കം വിശ്വന്‍, ഇ.പി ജയരാജന്‍, ഡോ തോമസ് ഐസക് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News