രാഷ്ട്രീയ നിലപാട് 31ന് പ്രഖ്യാപിക്കുമെന്ന് രജനീകാന്ത്; ”യുദ്ധഭൂമിയില്‍ ഇറങ്ങിയാല്‍ ജയിച്ചേ പറ്റൂ”

ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനം സംബന്ധിച്ച തീരുമാനം ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് നടന്‍ രജനികാന്ത്.

തന്റെ രാഷ്ട്രീയപ്രവേശനത്തില്‍ ജനങ്ങളേക്കാള്‍ താല്‍പര്യം, മാധ്യമങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ ആരാധക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”രാഷ്ട്രീയത്തില്‍ ഞാന്‍ പുതിയ ആളല്ല. എന്നാല്‍, എന്റെ രാഷ്ട്രീയപ്രവേശനം വൈകുകയായിരുന്നു. ഒരാള്‍ക്ക് രാഷ്ട്രീയത്തെ കുറിച്ച് കാഴ്ചപ്പാട് ഉണ്ടാവണം. രാഷ്ട്രീയം എന്നാല്‍ ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ളതായിരിക്കണം. അതിനാല്‍ തന്നെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പ് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം.”- രജനീകാന്ത് പറഞ്ഞു.

”രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ ജാഗ്രതയും ഒപ്പം തന്ത്രവും ആവശ്യമാണ്. യുദ്ധഭൂമിയില്‍ ഇറങ്ങിയാല്‍ ജയിച്ചേ പറ്റൂ. ” -രജനീ പറഞ്ഞു.

ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലാണ് ആരാധക സംഗമം. ഡിസംബര്‍ 31 വരെ സംഗമം തുടരും. ഒരു ദിവസം ആയിരം ആരാധകരെ കാണുന്ന തരത്തിലാണ് സംഗമം ക്രമീകരിച്ചിട്ടുള്ളത്.

ഈ വര്‍ഷം രണ്ടാമത്തെ തവണയാണ് രജനി ആരാധകരെ കാണുന്നത്. മെയ് മാസം നടത്തിയ സംഗമത്തില്‍, ദൈവം നിശ്ചയിച്ചാല്‍ ഞാന്‍ നാളെ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here