മാത്തനും അപര്‍ണ്ണയും; ഹൃദയത്തിന്റെ മുക്കാലിടവും അപഹരിച്ചവര്‍

‘മാസ്സ് റീ എന്‍ട്രി’

മായാനദിയെന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ആഷിക്ക് അബുവിന്റെ മാസ്സ് റീ എന്‍ട്രി എന്ന് തന്നെ വിലയിരുത്താം. ഡിസംബര്‍ 22ന് ക്രിസ്മസ് റിലീസായി പുറത്തിറങ്ങിയ ചിത്രം ഇതിനോടകം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. പുഷ്പവര്‍ഷത്തോടൊപ്പം കല്ലേറും ചിത്രം ഏറ്റ് വാങ്ങുന്നുണ്ട് എന്നതാണ് ഏറെ രസകരം. സംവിധായകനും തിരക്കഥാകൃത്തിനും എതിരെ പെരുകുന്ന സോഷ്യല്‍ മീഡിയാ ആക്രമണം വേറെയും.

റിയലിസ്റ്റിക്ക് സിനിമ

യാഥാര്‍ത്ഥ്യത്തിലൂന്നിയുള്ള സിനിമയാണ് മായാനദി. മാത്തന്‍, കുട്ടിക്കാലത്ത് തന്നെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് ഭൂമിയില്‍ ഒറ്റപ്പെട്ട് പോയവന്‍….നായികയുടെ ഭാഷയില്‍ സര്‍വൈവര്‍, പൂച്ചയുടെ ജന്മം. ടൊവിനോ തോമസ് മാത്തനെ ജീവസ്സുറ്റതാക്കിയിരിക്കുന്നു. കോളേജ് ഡ്രോപ്പ് ഔട്ടായ മാത്തന്‍ ചെന്ന് ചാടുന്ന വലിയ കുരുക്ക്.

കോളേജിലെ അഡ്മിഷന്‍ ബ്രോക്കറായി തുടരുന്ന ജീവിതം. അതിനിടയിലെ പ്രണയം.. പ്രണയനഷ്ടം. അതിനെ വീണ്ടെടുക്കാനുള്ള മാത്തന്റെ ശ്രമം. മാത്തനെ ഉപേക്ഷിച്ച അപര്‍ണ്ണയെ പയ്യെ പയ്യെ മാത്തന്‍ വീണ്ടെടുക്കുന്നത് കയ്യടക്കത്തോടെ സംവിധായകനും തിരക്കഥാകൃത്തും കൈകാര്യം ചെയ്തിരിക്കുന്നു. അച്ഛന്റെ മരണത്തെ തുടര്‍ന്ന് വീടിന്റെ ഭാരം ചുമക്കേണ്ടിവരുന്ന നായിക. അവള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രശ്‌നങ്ങള്‍.

സിനിമയിലെ വിവാദം

മായാനദി കപടസദാചാരവാദികളുടെ മുഖത്തേറ്റ ഏറ്റവും ശക്തിയേറിയ അടിയാണ്. ഇപ്പോള്‍ വിവാദമായിരിക്കുന്നതും ഇത് തന്നെ. മലയാള സിനിമയില്‍ ലിപ് ലോക്ക് സീനുകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുന്നു ആഷിക്ക് അബു. ലൈംഗികത പാപമാണെന്ന് കരുതുന്ന മലയാളികളുടെ നെഞ്ചില്‍ തറച്ച ബുള്ളറ്റാണ് മായാനദിയിലെ രംഗങ്ങള്‍.

വിവാഹം കഴിക്കാത്ത പെണ്‍കുട്ടികള്‍ സെക്‌സിനെക്കുറിച്ച് ചിന്തിക്കുക പോലുമരുത് എന്ന് കരുതുന്ന നാട്ടിലാണ് ആഷിക് അബു വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്. തന്റെ സ്വപ്നം സാക്ഷാത്ക്കാരിക്കപ്പെടും എന്ന് ഉറപ്പാക്കുന്ന നായിക അപര്‍ണ്ണാ രവി ആ സന്തോഷത്തില്‍ കാമുകനെ രാത്രിയില്‍ വീട്ടില്‍ വിളിച്ചുകയറ്റുന്നതും ഒരു രാത്രി മുഴുവന്‍ ഒരുമിച്ചു കഴിയുന്നതും സദാചാര മലയാളികളെ ഞെട്ടിച്ചു.

ആഘോഷത്തിന്റെ അലയടങ്ങവേ അവള്‍ അവനോട് once more എന്ന് പറയുന്ന സീന്‍ കൂടി ആകുമ്പോഴേക്കും മലയാളിയുടെ ഞെട്ടല്‍ പൂര്‍ണ്ണമാകുന്നു. ഇനിയും ഞെട്ടാന്‍ ഏറെയുണ്ട്. സെക്‌സ് വിവാഹത്തിനുള്ള വാഗ്ദാനമല്ലെന്ന് പറയുന്ന നായിക. പ്രോസ്റ്റിറ്റിയുട്ടിനെപ്പോലെ സംസാരിക്കാതെ എന്ന് നായകന്‍.

തന്റെ തിരക്കഥയിലൂടെ ശ്യാം പുഷ്‌കരന്‍ മലയാളി സദാചാരവാദികള്‍ക്ക് നന്നായി കൊട്ട് കൊടുക്കുന്നുണ്ട്. പുലര്‍ച്ചെ വീട്ടിലെത്തുന്ന അമ്മയേയും സഹോദരേനേയും അപര്‍ണ്ണ കൂള്‍ ആയി കൈകാര്യം ചെയ്യുമ്പോള്‍ ആഷിഖ് അബു കിസ്സ് ഓഫ് ലവ് ഓര്‍ത്തിട്ടുണ്ടാകും. കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള സദാചാര ആക്രമണങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയും കൂടിയായി.

താരങ്ങള്‍

ടൊവിനോയ്ക്കും ഐശ്വര്യല്ക്ഷ്മിക്കും ഒപ്പം നില്‍ക്കുന്നു പൊലീസ് ഓഫീസര്‍മാരായി വേഷമിടുന്ന തമിഴ്‌നടന്‍മാര്‍ ഹരീഷ് ഉത്തമനും, ഇളവരസുവും നൂറ് ശതമാനവും ജീവിക്കുക തന്നെയായിരുന്നു ഇരുവരും. സിനിമയിലെ സിനിമാതാരമായി ലിയോണയുടെ സമീറയും തിളങ്ങി. രണ്ട് സീനുകളിലേ ഉള്ളുവെങ്കിലും സൗബിന്റെ കഥാപാത്രം കൊടുങ്കാറ്റ് പോലെ വന്ന് പോയി പ്രേക്ഷക കൈയ്യടി നേടുന്നു.

സീരിയസ്സ് സീനുകളില്‍ വളരെ സീരിയസ്സായി മാത്രം കാണുന്ന മാത്തന്‍ പ്രണയ രംഗങ്ങളില്‍ കഥാപാത്രത്തിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തി പ്രണയനദിയില്‍ ഒരു തോണി തുഴയുന്നത് കാണാന്‍ കഴിയും.

മായാനദി റിലീസായപ്പോള്‍ തന്നെ പ്രണയ ചിത്രം എന്ന പ്രേക്ഷക വിലയിരുത്തലുണ്ടായിരുന്നു. പരമ്പരാഗതരീതിയിലുള്ള പ്രണയം പ്രതീക്ഷിച്ചവര്‍ പുതുമയുള്ള പ്രണയത്തെ മനസ്സില്‍ താലോലിച്ചാണ് തീയറ്റര്‍ വിട്ടിറങ്ങിയത്.

ഒപ്പം നെഞ്ചില്‍ തറച്ച കാരമുള്ള് പറിച്ചെറിയാനാകാതെ വിങ്ങലടക്കി ‘ആപ്പ്‌സ്’ എന്ന വിളിക്ക് കാതോര്‍ത്ത് പ്രതീക്ഷയോടെ…….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News