ഭൂമിവില്‍പനയില്‍ അങ്കമാലി അതിരൂപതക്ക് നഷ്ടം കോടികള്‍; കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഒരു വിഭാഗം വൈദികര്‍ രംഗത്ത്; മാര്‍പാപ്പക്ക് പരാതി നല്‍കാനും തീരുമാനം

കൊച്ചി: ഭൂമി വില്‍പനയിലൂടെ എറണാകുളം അങ്കമാലി അതിരൂപതക്ക് കോടികള്‍ നഷ്ടമായ സംഭവത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ ഒരു വിഭാഗം വൈദികര്‍ രംഗത്ത്.

ഇടപാടില്‍ കര്‍ദ്ദിനാളിന് പങ്കുണ്ടെന്ന് ആരോപിച്ച് മാര്‍പാപ്പക്ക് പരാതി അയക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍. മുപ്പത്തിയാറ് ആധാരങ്ങളിലും ഒപ്പുവച്ചിരിക്കുന്നത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണെന്ന് വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.

അതിരൂപതയുടെ ഉടമസ്ഥതയിലുള്ള 4 പ്ലോട്ടുകള്‍ വിറ്റതില്‍ അഴിമതി നടന്നതായാണ് ആരോപണം ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് സഭാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ഓഫീസര്‍, മോണ്‍സിഞ്ചോര്‍ പദവികളിലുള്ള രണ്ട് പേരെ മാറ്റി നിര്‍ത്തി. ഇതിനിടെയാണ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വിവാദ ഇടപാടില്‍ പങ്കുള്ളതായി ആരോപിച്ച് വൈദികര്‍ രംഗത്തെത്തിയത്.

കര്‍ദ്ദിനാളിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപാടില്‍ രൂപതയുടെ 4 സ്ഥലങ്ങള്‍ വില്‍പന നടത്തിയിരുന്നു. 70 കോടി രൂപ വിലമതിക്കുന്ന ഭൂമി കേവലം 27 കോടി രൂപക്കാണ് വില്‍പന നടത്തിയത്. മാത്രവുമല്ല സഭക്ക് ലഭിച്ചതാകട്ടെ വെറും 9 കോടി രൂപ മാത്രവും. ബാക്കി പണത്തിന് പകരമായി ആര്‍ക്കും വേണ്ടാത്ത, നിയമപ്രശ്‌നങ്ങളുള്ള ഭൂമി സഭയുടെ തലയില്‍ കെട്ടിവെച്ചു. ഇതിന്റെ ബാധ്യത തീര്‍ക്കാന്‍ സഭയ്ക്ക് കോടികള്‍ ബാങ്ക് വായ്പ എടുക്കേണ്ടി വന്നു. ഇതോടെ സഭ കടക്കെണിയിലായി.

വിറ്റ ഭൂമിയുടെ 36 ആധാരങ്ങളിലും ഒപ്പുവച്ചിരിക്കുന്നത് കര്‍ദ്ദിനാള്‍ ആലഞ്ചേരിയാണെന്ന് വൈദികര്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ദ്ദിനാളും അടുപ്പമുള്ള ഏതാനും പേരും മാത്രമാണ് ഇടപാടുകളെക്കുറിച്ച് യഥാസമയം അറിഞ്ഞത്. ഭുമി വില്‍പന നടത്തുന്നതിന് മുന്‍പ് സഭാവേദികളിലൊന്നും ചര്‍ച്ച ചെയ്തിട്ടില്ലന്ന് വൈദികര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിലാണ് സഭാ തലവനായ മാര്‍പാപ്പയെ സമീപിക്കാന്‍ ഒരു വിഭാഗം വൈദികര്‍ തീരുമാനിച്ചത്. പരാതി രേഖാമൂലം ഉടന്‍ റോമിലേക്ക് അയക്കും.

എന്നാല്‍ കര്‍ദ്ദിനാളിനെതിരായ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് സഭാ വൃത്തങ്ങള്‍ അറിയിച്ചു. പരാതി ഉയര്‍ന്ന ഉടന്‍ അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചതായും, പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് പേരെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയതായും സഭ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here