രാജ്യത്തിന്‍റെ ഗതിവിഗതികള്‍ നിര്‍ണയിച്ച സുപ്രധാന പദവികള്‍ വിട്ടൊ‍ഴിഞ്ഞ സോണിയ ഇപ്പോള്‍ ഏറെ ആഹ്ളാദവതിയാണ്. ഗോവന്‍ തീരങ്ങളില്‍ സൈക്കിളില്‍ കറങ്ങിയും പുസ്തകങ്ങള്‍ വായിച്ചും വിശ്രമദിനങ്ങള്‍ സോണിയ ആഘോഷിച്ചുതീര്‍ക്കുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ വിലയിരുത്തലുകളും ചര്‍ച്ചകളും മറ്റുമായി തിരക്കിട്ട ചുമതലകളിലാണിപ്പോള്‍.

ചൊവ്വാ‍ഴ്ചയാണ് സോണിയ ദക്ഷിണ ഗോവയിലെ ലീല ഹോട്ടലില്‍ എത്തിയത്. ജനുവരി ആദ്യവാരം വരെ ഗോവയിലുണ്ടാകും. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ള സോണിയാ ഗാന്ധി, രാഷ്ട്രീയ തിരക്കുകളില്‍നിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങള്‍ ആസ്വദിക്കാനാണ് ഗോവയില്‍ എത്തിയിരിക്കുന്നത്.

പുലര്‍ച്ചകളില്‍ സൈക്കിള്‍ സവാരി. ഇടയ്ക്ക് ഹോട്ടലിലെ അതിഥികള്‍ സോണിയയോടൊപ്പം സെല്‍ഫിയെടുക്കാനെത്തുന്നു. എല്ലാവരോടും സോണിയ സൗഹൃദം പങ്കിടുന്നു. മസാല ദോശയാണ് ഗോവയില്‍ സോണിയയുടെ ഇഷ്ട ഭക്ഷണം. അടുത്ത ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയില്‍ എത്തിയിരിക്കുന്നത്.


വാര്‍ത്തകള്‍ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും സമയം ചിലവഴിക്കുകയാണ്
ദില്ലിയിലെ അന്തരീക്ഷ മലിനീകരണംസഹിക്കാനാകാതെ ഇതിന് മുന്‍പും സോണിയ ഗാന്ധി ഗോവയില്‍ ലീല റിസോര്‍ട്ടിലെത്തിയിട്ടുണ്ട്.

കടുത്ത ആസ്ത്മാ രോഗിയായ സോണിയ ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ദില്ലിയില്‍ നിന്ന പലപ്പോ‍ഴും വിട്ടുനിന്നിട്ടുള്ളത്.