അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട്; വീഴ്ച സമ്മതിച്ച് സീറോ മലബാര്‍ സഭ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ വീഴ്ച സമ്മതിച്ച് സീറോ മലബാര്‍ സഭ. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉണ്ടായില്ലെന്നും കാനോനിക നിയമങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും സര്‍ക്കുലര്‍. ഇതുവഴി 84 കോടിയുടെ കടബാധ്യതയിലാണ് എത്തി നില്‍ക്കുന്നതെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് വൈദികര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് വിവാദ ഭൂമിയിടപാട് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. കടബാധ്യത തീര്‍ക്കാന്‍ വേണ്ടി നടത്തിയ ഭൂമിയിടപാട് അധികം കടബാധ്യത വരുത്തി വച്ചതായി സര്‍ക്കുലറില്‍ അക്കമിട്ട് നിരത്തുന്നു.

60 കോടിയുടെ കടബാധ്യത തീര്‍ക്കാന്‍ കൊച്ചി, തൃക്കാക്കര, കാക്കനാട്, മരട് എന്നിവിടങ്ങളിലായി 306.98 സെന്റ് ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. സെന്റിന് കുറഞ്ഞത് 9 ലക്ഷം രൂപ വിലയും വസ്തു മുറിച്ചു വില്‍ക്കരുതെന്നും ഒരു മാസത്തിനുളളില്‍ സാമ്പത്തിക ഇടപാടുകള്‍ തീര്‍ക്കണമെന്നുമായിരുന്നു നിര്‍ദേശം.

എന്നാല്‍ അതിരൂപതയിലെ കാനോനിക സമിതികളോട് ആലോചിക്കാത 36 ആധാരങ്ങളാക്കിയാണ് ഭൂമി വിറ്റത്. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സഭയ്ക്ക് ലഭിച്ചതാകട്ടെ 9.13 കോടി രൂപ മാത്രം. 18.17 കോടി രൂപ ഇനിയും ലഭിക്കാനുമുണ്ട്. മാത്രമല്ല, അതിരൂപത സഹായ മെത്രാന്മാരുടെയോ മറ്റും അറിവ് കൂടാതെ കോതമംഗലം കോട്ടപ്പടിയിലും ദേവികുളത്തും ഭൂമിയിടപാട് നടത്തിയത് മൂലം 24 കോടിയുടെ അധിക ബാധ്യതയുമുണ്ടായി.

ഇതോടെ 60 കോടി ബാധ്യത 84 കോടിയായി ഉയര്‍ന്നെന്നും സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. അതിരൂപയ്ക്ക് സംഭവിച്ചത് സാമ്പത്തിക പ്രതിസന്ധി മാത്രമല്ല, സുതാര്യതയില്ലായ്മയും ഗൗരവകരമായ ധാര്‍മ്മിക പ്രശ്‌നം കൂടിയാണെന്നും സര്‍ക്കുലര്‍ പറയുന്നു. ആരെയും പേരെടുത്ത് വിമര്‍ശിക്കാത്ത സര്‍ക്കുലറില്‍ നടന്ന ഇടപാടുകള്‍ കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടതായി സമ്മതിക്കുന്നുമുണ്ട്.

2018 ജനുവരി 31നകം നിയോഗിക്കപ്പെട്ട ആറംഗ കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ഇവ വത്തിക്കാനിലേക്ക് അയച്ചുകൊടുക്കുമെന്നും വ്യക്തമാക്കിയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്. മൂന്ന് പേജടങ്ങുന്ന ഈ സര്‍ക്കുലര്‍ പളളികളില്‍ വായിക്കരുതെന്നും വൈദികര്‍ക്ക് നിര്‍ദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here