സമരതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായി സഖാവ് ഗഗാറിന്‍; ഇനി സിപിഐഎമ്മിന്റെ വയനാട് ജില്ലയുടെ അമരക്കാരന്‍

സമരതീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായാണ് പി ഗഗാറിന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലയിലെ അമരക്കാരനാകുന്നത്.

വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ഗഗാറിന്‍ മികച്ച സംഘാടകനായും പാര്‍ലമെന്റേറിയനായും തൊഴിലാളി സംഘടനാ നേതാവായും വയനാടിന്റെ രാഷ്ട്രീയ പൊതുമണ്ഡലത്തില്‍ തിളങ്ങി.

വയനാട്ടിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാവായിരുന്ന പി കുഞ്ഞിക്കണ്ണന്റെയും മീനാക്ഷിയുടെയും മൂന്നാമത്തെ മകനായി 1962 ഫെബ്രുവരി 14നാണ് ഗഗാറിന്‍ ജനിച്ചത്. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയെങ്കിലും അന്നത്തെ വയനാട്ടിലെ പൊതു വിദ്യാഭ്യാസ സാമ്പത്തിക പിന്നോക്കാവസ്ഥ കാരണം പഠനം തുടരനായില്ല.

വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് ഗഗാറിന്‍ പൊതുരംഗത്ത് സജീവമായത്. എസ്എഫ്‌ഐ വൈത്തിരി താലൂക്ക് സെക്രട്ടറി പ്രസിഡണ്ട് ജില്ല ജോ. സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചു. 1981ല്‍ ഡിവൈഎഫ്‌ഐ പഞ്ചായത്ത് സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരവെ സിപിഐ എം അംഗത്വം ലഭിച്ചു.

തുടര്‍ന്ന് ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് ജില്ല വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വഹിച്ച് ജില്ലയില്‍ യുവജനപ്രസ്ഥാനം കെട്ടിപ്പെടുക്കന്‍ നേതൃപരമായ പങ്ക് വഹിച്ചു. സിപിഐഎം വൈത്തിരി ലോക്കല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1988ല്‍ വൈത്തിരി ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2000വരെ വൈത്തിരി ഏരിയ സെക്രട്ടറിയുടെ ചുമതല നിര്‍വഹിച്ച് വന്നു. 1988 മുതല്‍ സിപിഐ എം ജില്ല കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ച് വരികയാണ്.

സംഘടനാ രംഗത്ത് മാത്രമല്ല ജനപ്രതിനിധിയായും സഹകാരിയായും ഗഗാറിന്‍ പാര്‍ലമെന്ററി രംഗത്തും തിളങ്ങി. പത്ത് വര്‍ഷം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലയളവിലാണ് നാല് തവണ സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി വൈത്തിരി തെരഞ്ഞെടുക്കപ്പെട്ടത്.

മൂന്ന് വര്‍ഷം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായും അദ്ദേഹം പ്രവര്‍ത്തിച്ചു. വൈത്തിരി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടായും ജില്ല ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കണ്‍വീനറായും പ്രവര്‍ത്തിച്ചു.

എന്‍ആര്‍ഇജിഎ വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ല സെക്രട്ടറി, മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിംഗ് വര്‍ക്കേഴ്‌സ് യൂനിയന്‍ (സിഐടിയു) താലൂക്ക് പ്രസിഡന്റ്, ജില്ല ട്രഷറര്‍, നിര്‍മാണ തൊഴിലാളി യൂനിയന്‍ പ്രഥമ ജില്ല സെക്രട്ടറി എന്നീ നിലകളില്‍ മോട്ടോര്‍, തൊഴിലാളികളെയും നിര്‍മാണതൊഴിലാളികളെയും സംഘടിപ്പിക്കുന്നതില്‍ മുന്‍ നിന്ന് പ്രവര്‍ത്തിച്ചു.

വയനാട്എസ്‌റ്റേറ്റ് ലേബര്‍ യൂനിയന്‍ ജനറല്‍ സെക്രട്ടറി, പ്ലാന്റേഷന്‍ ലേബര്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്, അഗ്രികള്‍ച്ചര്‍ ആന്‍ഡ് വെറ്ററിനറി യൂനിവേഴ്‌സിറ്റി ഫാം വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ നിര്‍വഹിച്ച് വരികയാണ്.

വിവിധ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഡിവൈഎഫ്‌ഐ നടത്തിയ യൂത്ത് മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്.

1984ല്‍ വൈദ്യൂതി ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് 10 ദിവസം ജയിലില്‍ അടച്ചു. വയനാടിന്റെ ജീവത്പ്രശ്‌നങ്ങള്‍ ഉന്നയിച്ച് 2003ല്‍ നടന്ന ജയില്‍ നിറയ്ക്കല്‍ സമരത്തില്‍ പങ്കെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഏഴ് ദിവസം തടവ് അനുഭവിച്ചു.

തോട്ടം തൊഴിലാളി സമരത്തിലും അങ്കണവാടി ജീവനക്കാര്‍ നടത്തിയ സമരത്തിനുമെല്ലാം അദ്ദേഹം നേതൃത്വം നല്‍കി. അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കാന്‍ സര്‍കാര്‍ തീരുമാനിച്ചതിന് പിന്നില്‍ വയനാട്ടില്‍ രൂപപ്പെട്ട പ്രക്ഷോഭമാണ്.

ചാരിറ്റി ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് 2015ല്‍ ഏഴ് ദിവസം നിരാഹാര സമരം അനുഷ്ടിച്ചു. ഇതിന്റെ ഫലമായാണ് നികുതി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here