പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പുകള്‍ക്കിടയില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭ പാസാക്കി. തിടുക്കത്തില്‍ ബില്‍ പരിഗണിക്കുന്നത് ദുരുദ്ദേശപരമെന്നും ബില്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റി പരിഗണിക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

മുത്തലാഖ് നിമയവിരുദ്ധമാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്‌സഭയില്‍ ബിജെപി സര്‍ക്കാര്‍ പാസ്സാക്കിയത്. ഇത് പ്രകാരം മുത്തലാഖിലൂടെ ഭാര്യാബന്ധം വേര്‍പെടുത്തുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും ലഭിക്കും.

ഭാര്യക്ക് ജീവനാംശം നല്‍കുകയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് അമ്മയോടൊപ്പം കഴിയുകയും ചെയ്യാം.

അതേസമയം, ബില്‍ ക്രിമിനല്‍ നിയമത്തിന് കീഴില്‍ കൊണ്ട് വരരുത്, വിവാഹം, ദത്തെടുക്കല്‍ വിവാഹമോചനം എന്നിവയെല്ലാം സിവില്‍ നിയമത്തിന് കീഴിലാണ് കൊണ്ട് വരേണ്ടതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചു.

സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചതോടെ അത്തരം വിവാഹ മോചനങ്ങള്‍ക്ക് നിയമസാധുത ഇല്ലാതായതാണ്. തിടുക്കത്തില്‍ ബില്‍ പാസ്സാക്കരുതെന്നും, പ്രാധാന്യമുള്ള ബില്ലായതിനാല്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിടണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

വനിതാ സംഘടനകളോടോ, മുസ്ലീം സംഘടനകളോടോ ആലോചിക്കാതെയാണ് ബിജെപി സര്‍ക്കാര്‍ ബില്‍ രൂപീകരിച്ചതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ഭരണഘടനനനല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണെന്ന് മുസ്ലീംലീഗും പ്രതികരിച്ചു. ബിജപെിയുടെ അജണ്ഡ നടപ്പാക്കുകയാണ് മുത്തലാഖ് ബില്ലിലൂടെ കേന്ദ്രസര്‍്ക്കാര്‍ നടപ്പിലാക്കിയതെന്ന വാദവും ശക്തമാണ്.