സഖാവ് കെ രാധാകൃഷ്ണന്‍: ജനകീയതയുടെ ആള്‍രൂപം; സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രിയങ്കരന്‍

സിപിഐഎം ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്ത കെ രാധാകൃഷ്ണന്‍ വിനയവും ലാളിത്യവും സദാ മനസ്സിലും പ്രവര്‍ത്തിയിലും നിറഞ്ഞുനില്‍ക്കുന്ന രാഷ്ട്രീയ നേതാവ്. ജനകീയതയുടെ ആള്‍രൂപമെന്നാണ് രാഷ്ട്രീയ എതിവരാളികള്‍ പോലും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

തൃശൂര്‍ മാത്രമല്ല, സംസ്ഥാനത്ത് തന്നെ ഏറ്റവും ജനപ്രിയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ കെ രാധാകൃഷ്ണനെ വീണ്ടും സെക്രട്ടറിയാക്കിയത് സിപിഐ എമ്മിന് അഭിമാനം പകരുന്നതാണ്.

രണ്ട് പതീറ്റാണ്ട് ചേലക്കരയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്ത രാധാകൃഷ്ണന്‍ മികച്ച പാര്‍ലമെന്റേറിയന്‍ എന്ന് തെളിയിച്ചു. പിന്നോക്ക പ്രദേശമായിരുന്ന ചേലക്കര മണ്ഡലത്തില്‍ വികസനത്തിന്റെ പുതിയ യുഗം തുറക്കാന്‍ രാധാകൃഷ്ണന് കഴിഞ്ഞു.

തൊഴില്‍ വിദ്യാഭ്യാസം, പശ്ചാത്തല വികസനം തുടങ്ങിയവയില്‍ വന്‍ പുരോഗതിയുണ്ടാക്കി. മന്ത്രിയായപ്പോഴും സ്പീക്കറായപ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരനെപോലെ ജനങ്ങളുമായി ഇടപെട്ടു. ഏത് സ്ഥാനത്തിരിക്കുമ്പോഴും ചേലക്കരക്കാരുടെ രാധയും രാധേട്ടനുമാണ് അദ്ദേഹം.

2016 മാര്‍ച്ചില്‍ നിയമസഭാംഗമായിരിക്കെയാണ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രാധാകൃഷ്ണന്‍ ആദ്യമായി ജില്ല സെക്രട്ടറിയാവുന്നത്. പാര്‍ലമെന്ററി രംഗത്ത് എന്ന പോലെ തന്നെ സംഘടന രംഗത്തും തന്റെ മികവ് തെളിയിക്കാന്‍ രാധാകൃഷ്ണന് കഴിഞ്ഞു.

ജീവിതദുരിതവും യാതനയുമെല്ലാം അനുഭവിച്ചറിഞ്ഞ രാധാകൃഷ്ണന് പാവപ്പെട്ടവരുടെ വിയര്‍പ്പിന്റെയും കണ്ണീരിന്റെയും വില നന്നായി അറിയാമെന്നതിനാലാണ് അദ്ദേഹം സാധാരണക്കാരുടെയും തൊഴിലാളികളുടെയും പ്രിയങ്കരനാക്കിയത്.

ചേലക്കര തോന്നൂര്‍ക്കര വടക്കേവളപ്പില്‍ കൊച്ചുണ്ണിയുടെയും ചിന്നയുടെയും മകനാണ്. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലായിരുന്നു പഠിച്ചതും വളര്‍ന്നതും. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തുവന്ന അദ്ദേഹം തോന്നൂര്‍ക്കര യുപി സ്‌കൂള്‍, ചേലക്കര എസ്എംടിഎച്ച്എസ് എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

തുടര്‍ന്ന് വടക്കാഞ്ചേരി വ്യാസ എന്‍എസ്എസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പൂര്‍ത്തിയാക്കിയശേഷം തൃശൂര്‍ കേരളവര്‍മ കോളേജില്‍നിന്ന് ബി എ ബിരുദം നേടി. പിന്നീട് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ 1991ല്‍ ആദ്യ ജില്ലാ കൗണ്‍സിലിലേക്ക് വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 1996ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel