മുംബൈയില്‍ കെട്ടിടത്തിന് തീപിടിച്ച് വന്‍ അപകടം; 15 പേര്‍ വെന്തുമരിച്ചു

മുംബൈ: മുംബൈയിലെ ലോവര്‍ പരേലിലുള്ള കമല മില്‍സ് കോംപൗണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന പബ്ബിൽ ഉണ്ടായ തീപിടുത്തത്തിൽ 15 പേർ മരണപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരു പബ്ബിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായി പറയപ്പെടുന്നത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ ഉണ്ടായ തീപ്പിടുത്തത്തിൽ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത് . സംഭവത്തില്‍ പബ് ഉടമയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അർദ്ധ രാത്രിയോടെ തീപ്പിടുത്തം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടത്തിന്റെ ആറാമത്തെ നിലയിലാണ് ആദ്യം തീപ്പിടുത്തം ഉണ്ടായതെന്ന് സംശയിക്കുന്നു. ഹോട്ടലുകളും മാധ്യമ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക് പിന്നീട് തീ പടരുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ മുംബൈയിലെ എല്‍ ടി എം ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിച്ചവരിൽ ഭൂരിഭാഗവും ജന്മദിന പാർട്ടിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളാണ്. നിരവധി അനധികൃത പബ്ബുകൾ ഈ കോംപൗണ്ടിൽ പ്രവർത്തിച്ചു വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരു കാലത്തു വ്യവസായ മേഖലയായിരുന്ന 37 ഏക്കറിൽ പറന്നു കിടക്കുന്ന കെട്ടിടങ്ങളിൽ പലതും ഇന്ന് നിശാ ക്ലബ്ബുകൾ ആയി പ്രവർത്തിച്ചു വരികയാണ് . രാത്രി വിനോദത്തിനായി പബ്ബുകളിൽ എത്തുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here