സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും ആര്‍എസ്എസ് ആക്രമണമഴിച്ചു വിടുന്നെന്ന് മുഖ്യമന്ത്രി പിണറായി; ‘കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യില്ല; തെറ്റായ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമാകാം’

വര്‍ഗ്ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ആസൂത്രിതമായ ശ്രമം നടത്തുന്ന ആര്‍എസ്എസ് സമാധാനചര്‍ച്ചകള്‍ക്ക് ശേഷവും പുറത്തിറങ്ങി ആക്രമണമഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആര്‍എസ്എസ് ബിജെപി നയങ്ങള്‍ക്കെതിരെ ദേശീയ തലത്തില്‍ കൂട്ടായ്മ ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ നവഉദാരവത്ക്കരണ നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസുള്‍പ്പെടെയുള്ളവരുമായി തിരഞ്ഞെടുപ്പില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

22-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് സംസ്ഥാനങ്ങളില്‍ കലാപമുണ്ടാക്കുന്ന ബിജെപിയും ആര്‍എസ്എസും കേരളത്തില്‍ ആസൂത്രിതമായ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തും കണ്ണൂരുമെല്ലാമുണ്ടായത് സമാനമായ രീതിയിലുള്ള ആക്രമണങ്ങളാണ്.

സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൊടിഞ്ഞി ഫൈസലിന്റെയും കാസര്‍കോട്ടെ റിയാസ് മൗലവിയുടെയും കൊലപാതകം നടത്തിയത്. ആര്‍എസ്എസ് സമാധാന ചര്‍ച്ചകള്‍ക്ക് ശേഷം സമാധാനത്തിനായി ചര്‍ച്ച നടത്തിയ ശേഷം പുറത്തിറങ്ങി ആക്രമണമഴിച്ചു വിടുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ആര്‍എസ്എസ് അജന്‍ഡയാണ് രാജ്യത്ത് ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. രാജ്യത്ത് മതനിരപേക്ഷതയും ബഹുസ്വരതയും തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ആര്‍എസ്എസും ബിജെപിയും. ഇതിനെതിരെ ദേശീയ തലത്തില്‍ കൂട്ടായ്മയുണ്ടാവേണ്ടതുണ്ട്.

എന്നാല്‍ നവ ഉദാരവത്ക്കരണ സാമ്പത്തിക നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് പോലുള്ള പാര്‍ട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ കഴിയില്ല. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ യോജിച്ച പ്രക്ഷോഭമാവാമെന്നും പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News