ആദ്യരാത്രിയില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭാര്യയുടെ ഭീഷണി; ആവശ്യം കേട്ട് ഞെട്ടി ഭര്‍ത്താവ്; പൊല്ലാപ്പിലായി 17കാരനും: തിരുവനന്തപുരത്ത് നടന്ന സംഭവം ഇങ്ങനെ

തിരുവനന്തപുരം: ആദ്യ രാത്രിയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് ആത്മഹത്യ ഭീഷണി മുഴക്കി ആര്യനാട് സ്വദേശിയായ യുവതി. തനിക്ക് വിവാഹത്തിന് താല്‍പര്യമില്ലായിരുന്നെന്നും കാമുകനൊപ്പം പോകണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.

സംഭവം ഇങ്ങനെ:

കഴിഞ്ഞദിവസമാണ് ആര്യനാട് സ്വദേശിനിയായ യുവതിയും അരുവിക്കര സ്വദേശിയായ യുവാവും വിവാഹിതരായത്. എന്നാല്‍ ആദ്യരാത്രിയില്‍ തന്നെ, തനിക്ക് വിവാഹമോചനം വേണമെന്നും കാമുകനൊപ്പം പോകണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്.

വരന്റെ വീട്ടിലെ സത്ക്കാരവും കഴിഞ്ഞ് മുറിയില്‍ കയറി കതകടച്ചതോടെയാണ് യുവതി ഇക്കാര്യം ആവശ്യപ്പെട്ടത്.
തന്നെ തൊട്ടാല്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി.

തന്നെക്കാള്‍ അഞ്ചു വയസ് കുറഞ്ഞ യുവാവുമായുള്ള പ്രണയം യുവതി വെളിപ്പെടുത്തുകയും ചെയ്തു. ഇതിനിടെ ബ്ലയിഡ് ഉപയോഗിച്ചു കൈമുറിക്കാനും ശ്രമിച്ചു.

സംഭവം പന്തിയല്ലെന്ന് തോന്നിയതോടെ യുവാവിന്റെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇതോടെ നവവരന് നഷ്ടപരിഹാരം നല്‍കി പ്രശ്‌നം അവസാനിപ്പിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചു.

സംഭവം തീര്‍ന്നില്ല, യുവതിയുടെ ആവശ്യപ്രകാരം പൊലീസ് കാമുകനായ 17കാരനെ വിളിക്കുകയും ചെയ്തു. എന്നാല്‍ കാമുകന്‍ വിവാഹആവശ്യം തള്ളുകയായിരുന്നു.

ഇതോടെ 17കാരന്‍ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് യുവതി പരാതി നല്‍കി. തുടര്‍ന്ന് കാമുകന് പ്രായപൂര്‍ത്തിയായതിന് ശേഷം വിവാഹം നടത്തമെന്ന ധാരണയില്‍ പ്രശ്‌നം പൊലീസ് പരിഹരിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here