അബിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവോ? ഷെയ്ന്‍ നിഗത്തിന്റെ മറുപടി

മിമിക്രിയെ ജനകീയമാക്കിയ കലാകാരനും നടനുമായ അബി അന്തരിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അബിയുടെ മരണത്തിന് പിന്നാലെ അദ്ദേഹം തേടിയിരുന്ന ചികിത്സയെക്കുറിച്ച് നിരവധി ചര്‍ച്ചകളും നടന്നിരുന്നു.

ഇപ്പോഴിതാ, അബിയുടെ മരണവുമായി ബന്ധപ്പെട്ട് മകന്‍ ഷെയ്ന്‍ നിഗം പറയുന്നു. ഒരു വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഷെയ്ന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.

ഷെയ്ന്‍ പറയുന്നു:

വിവാദത്തിന് ഞങ്ങളില്ല. ഒരു വൈദ്യന്റെ അടുത്ത് ചികിത്സയ്ക്ക് പോയതുകൊണ്ടാണ് മരണം എന്നൊക്കെ പലരും പറഞ്ഞു. കുറച്ചുനാള്‍ മുമ്പായിരുന്നു അത്. അന്ന് ഒപ്പം ഞാനുമുണ്ടായിരുന്നു. ആള്‍ക്കാര്‍ പറയുന്നത് പോലെ ചികിത്സാ പിഴവാണോ എന്നൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ ആരെയും കുറ്റപ്പെടുത്താനില്ല.

പല മാധ്യമങ്ങളിലും മരണത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും എഴുതിയത് വായിച്ചു. പുര കത്തുമ്പോള്‍ അതില്‍നിന്ന് ബീഡി കത്തിക്കും എന്ന് കേട്ടിട്ടില്ലേ, ചിലരുടെ കുറിപ്പുകള്‍ കണ്ടപ്പോള്‍ അങ്ങനെയാണ് തോന്നിയത്. വാപ്പച്ചിയെക്കുറിച്ച് എഴുതിയാല്‍ വായിക്കാനായി ആളുണ്ടാകുമെന്നുള്ളത് കൊണ്ടാകാം അത്തരത്തില്‍ അവര്‍ എഴുതിയത്.

വാപ്പച്ചി മരിക്കുന്ന ദിവസം ചെന്നൈയിലായിരുന്നു ഞാന്‍. പുതുമുഖ സംവിധായകനായ ഡിമല്‍ ഡെന്നീസിന്റെ വലിയ പെരുന്നാളാണ് അടുത്ത സിനിമ. അതിന് വേണ്ടിയുള്ള ഒരു ട്രെയ്‌നിംഗ് പ്രോഗ്രാമിലായിരുന്നു. അന്ന് പകല്‍ എന്നെ വാപ്പച്ചി വിളിച്ചിരുന്നു.

ഞാനും വാപ്പച്ചിയും അതിഥികളായി എത്തുന്ന ഒരു ടിവി ഷോയെക്കുറിച്ചാണ് പറഞ്ഞത്. ‘അവര്‍ നമ്മളെ വിളിച്ചിട്ടുണ്ട് എന്തുവേണം’ എന്ന് ചോദിച്ചു. വാപ്പച്ചി തീരുമാനിച്ചോളാന്‍ ഞാന്‍ മറുപടിയും പറഞ്ഞു.

പിന്നെ സിനിമയെക്കുറിച്ച് സംസാരിച്ചു. ട്രെയ്‌നിംഗിനെ പറ്റി അന്വേഷിച്ചു. സ്ഥിരം പറയുന്ന കാര്യങ്ങള്‍, ആരോഗ്യം നോക്കണം, ഭക്ഷണം ശ്രദ്ധിക്കണം അങ്ങനെ ഫോണ്‍ വെച്ചതാണ്. പിന്നെ ആ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. ഉമ്മച്ചിക്കും സഹോദരങ്ങള്‍ക്കുമൊന്നും വാപ്പച്ചി പോയത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here