ഗുജറാത്ത് ബിജെപിയില്‍ വകുപ്പ് വിഭജനത്തെ ചൊല്ലി തര്‍ക്കം രൂക്ഷം; രാജി സൂചന നല്‍കി നിധിന്‍ പട്ടേലും പത്തോളം എംഎല്‍എമാരും; നിധിനെ സ്വാഗതം ചെയ്ത് ഹാര്‍ദിക് പട്ടേല്‍

ഗുജറാത്തില്‍ വകുപ്പ് വിഭജനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാകുന്നു. വിജയ് രൂപാനിക്കെതിരെ ഉപമുഖ്യമന്ത്രി നിധിന്‍ പട്ടേല്‍ പരസ്യമായി രംഗത്തെത്തി.

ഗുജറാത്തില്‍ ബിജെപിയുടെ ജനകീയാടിത്തറ തകരുന്നെന്ന വാദങ്ങളെ മറികടക്കാനായിരുന്നു വന്‍ ആഘോഷപൂര്‍വ്വം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടത്തിയത്. എന്നാല്‍ വകുപ്പ് വിഭജനത്തെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമാകുകയാണിപ്പോള്‍.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായ വിജയ് രൂപാനിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധനവകുപ്പും, നഗരവികസന വകുപ്പും വേണമെന്ന നിധിന്‍ പട്ടേലിന്റെ ആവശ്യം തള്ളിയതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഗാന്ധിനഗറിലെ സച്ചിവാലായ ഓഫീസില്‍ ഇന്നലെ മറ്റ് മന്ത്രിമാരെല്ലാം ചാര്‍ജ്ജെടുത്തെങ്കിലും നിധിന്‍ പട്ടേല്‍ വിട്ടുനിന്നു.

സുപ്രധാന വകുപ്പുകളില്‍ നിന്നും തന്നെ മാറ്റിയ നടപടിയില്‍ രൂപാനിയുമായുള്ള അഭിപ്രായഭിന്നത പട്ടേല്‍ മാധ്യമങ്ങള്‍ക്കുമുന്നിലും വ്യക്തമാക്കി. ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ രാജിവെച്ചേക്കുമെന്ന സൂചനയാണ് പട്ടേലിനോട് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്നത്.

അതേസമയം, ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഒരു വിഭാഗം എംഎല്‍എമാര്‍ രാജി ഭീഷണിയും മുഴക്കുന്നുണ്ട്. മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പത്ത് എംഎല്‍എമാര്‍ക്കൊപ്പം രാജിവയ്ക്കുമെന്ന് മുന്‍മന്ത്രിയും വഡോദര എംഎല്‍എയുമായ രാജേന്ദ്ര ത്രിവേദിയും വ്യകത്മാക്കി.

ഇതോടെ 99 സീറ്റുകളുമായി അധികാരത്തിലെത്തിയ ബിജെപി ഗുജറാത്തില്‍ അധികാരം നിലനിര്‍ത്താന്‍ സമവായ ചര്‍ച്ചകള്‍ ആരംഭിച്ചു.
ഇതിനിടെ, നിധിന്‍ പട്ടേലിനെ പട്ടിദാര്‍ അനാമത്ത് ആന്തോളന്‍ സമിതിയിലേക്ക് ഹാര്‍ദിക് പട്ടേല്‍ സ്വാഗതം ചെയ്തു. പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം നടത്തിയിട്ടും ബിജെപി പരിഗണിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന് തങ്ങള്‍ക്കൊപ്പം ചേരാമെന്ന് ഹാര്‍ദിക് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News