ഓഖി: മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം പൂര്‍ത്തിയായി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം പൂര്‍ത്തിയായി.

ധനസഹായവിതരണത്തിനായി വെള്ളിയാഴ്ച രാത്രി എട്ടുവരെ ട്രഷറി പ്രവര്‍ത്തിപ്പിച്ചു. ദുരിതബാധിതര്‍ക്ക് റെക്കോഡ് വേഗത്തില്‍ സഹായമെത്തിച്ചു. ഓരോ കുടുംബത്തിനും 20 ലക്ഷം രൂപവീതം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ സജീവമായ ഇടപെടലിനെ തുടര്‍ന്നാണ് ദുരന്തം നടന്ന് ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തീകരിച്ചത്.

സംസ്ഥാനത്ത് 64 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 37 മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. 27 പേരെ തിരിച്ചറിഞ്ഞു. കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് ഓഖി ദുരന്തത്തിനിരയായി കടലില്‍ മരിച്ചതായി സ്ഥിരീകരിച്ചവരുള്ളത്.

തിരുവനന്തപുരം താലൂക്കില്‍ പത്തും നെയ്യാറ്റിന്‍കര താലൂക്കില്‍ പതിനഞ്ചും. ഇവര്‍ക്ക് സഹായധനം വിതരണം ചെയ്തു. തിരിച്ചറിഞ്ഞ മറ്റു രണ്ടുപേര്‍ കടലില്‍വെച്ച് ദുരന്തത്തിന് ഇരയായവരല്ല.

20 ലക്ഷം രൂപ ട്രഷറിയിലെ സേവിങ്‌സ് ബാങ്ക് അക്കൌണ്ടിലാണ് നിക്ഷേപിച്ചത്. ഈ തുക സ്ഥിരനിക്ഷേപമാക്കും. പലിശ ഓരോ മാസവും കുടുംബത്തിന് ബാങ്ക് അക്കൌണ്ടിലേക്ക് ലഭിക്കാന്‍ സംവിധാനമുണ്ടാക്കും. പ്രായപൂര്‍ത്തിയാകാത്ത മക്കളുണ്ടെങ്കില്‍ രക്ഷിതാവുമൊത്ത് ജോയിന്റ് അക്കൌണ്ടാകും.

പ്രായപൂര്‍ത്തിയായവര്‍ക്ക് അഞ്ചുവര്‍ഷത്തെ സ്ഥിരനിക്ഷേപവും കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതുവരെയുമാണ് നിക്ഷേപ കാലാവധി. എല്ലാവര്‍ക്കും പ്രത്യേകം അക്കൌണ്ടായിരിക്കും. കുടുംബത്തിന് മൊത്തം പ്രതിമാസം 14,000 രൂപയോളം പലിശ ലഭിക്കും.

സംസ്ഥാനത്ത് 143 പേരെയാണ് കാണാതായത്. കോഴിക്കോട്ട് മോര്‍ച്ചറിയിലുള്ള 16 മൃതദേഹങ്ങളും തിരുവനന്തപുരത്ത് അഞ്ചും കണ്ണൂരില്‍ നാലും എറണാകുളത്ത് ആറും മലപ്പുറത്ത് മൂന്നും കൊല്ലം, തൃശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോ മൃതദേഹവുമടക്കം 37 പേരെ തിരിച്ചറിയാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News