ചെന്നൈ: തന്റെ രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച് സൂപ്പര്‍താരം രജനീകാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കുമെന്നും രജനീകാന്ത് പറഞ്ഞു.

സിനിമയിലെ തന്റെ കര്‍ത്തവ്യം കഴിഞ്ഞു. രാഷ്ട്രീയപ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അല്ലാതെ അധികാരക്കൊതിയല്ലെന്നും രജനി പറഞ്ഞു.

ജനങ്ങളോടുള്ള കടപ്പാട് മൂലമാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടക്കുന്നത് നാണംകെട്ട സംഭവങ്ങളാണെന്നും രജനി പറഞ്ഞു.

”പാര്‍ട്ടിയുടെ പേര് ഉടന്‍ പ്രഖ്യാപിക്കും. സത്യം, സേവനം, വളര്‍ച്ച എന്നതാണ് മുദ്രാവാക്യം. ഇന്ന് ഞാന്‍ ഈ തീരുമാനം എടുത്തില്ലെങ്കില്‍ എനിക്ക് കുറ്റബോധം തോന്നും. ജനാധിപത്യത്തിന്റെ പേരില്‍ രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ ഭൂമിയും സമ്പത്തും കൊള്ളയടിക്കുകയാണ്. അതുകൊണ്ട് തന്നെ ഏറ്റവും താഴെത്തട്ടില്‍ നിന്ന് മാറ്റം വന്നുതുടങ്ങണം”-രജനീകാന്ത് പറഞ്ഞു.

ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിലെ ആരാധക സംഗമത്തില്‍ വച്ചാണ് രജനിയുടെ പ്രഖ്യാപനം.