യുവതയ്ക്ക് പ്രത്യാശയുടെ കനലുകള്‍ നല്‍കി 2017 പടിയിറങ്ങുമ്പോള്‍…

വരാനിരിക്കുന്ന കാലങ്ങളെ പോലും ജ്വലിപ്പിക്കുന്ന മുന്നേറ്റങ്ങള്‍ കൊണ്ട് നമ്മുടെ യൗവനം തങ്ങളുടേതാക്കി മാറ്റിയ വര്‍ഷമാണ് പടിയിറങ്ങുന്നത്. ചിന്തിക്കുന്ന യൗവനത്താല്‍ പ്രചോദിതമാക്കപ്പെട്ട, സര്‍ഗാത്മകമാക്കപ്പെട്ട ഒരാണ്ടിനു വിട. വിട 2017.

നിസ്സംഗതയുടെ, വിധേയത്വത്തിന്റെ ഒരോര്‍മ്മ പോലും ബാക്കിവയ്ക്കാതെയാണ് 2017 ആദ്യാവസാനം നമ്മുടെ യൗവനം ജീവിച്ചത്. അനീതികള്‍ പെയ്തിടത്തെല്ലാം അവര്‍ തീകാറ്റായ്. ജെഎന്‍യുവിലും എച്ച്‌സിയുവിലും കേരളത്തിലെ കലാലയങ്ങളിലും അവര്‍ കരുത്തുള്ള പ്രതിരോധങ്ങളുടെ ബാരിക്കേഡുകള്‍ പണിതുയര്‍ത്തി.

ഇന്നോളം ആണ്‍ പെണ്‍ ബൈനറികളില്‍ ഒതുക്കപ്പെട്ടിരുന്ന ലിംഗവായനകളും സംവാദങ്ങളും ട്രാന്‍സ് സഹോദരങ്ങളെ കൂടി ചേര്‍ത്തുപിടിക്കും വണ്ണം വിശാലമായത് കേരത്തിലെ യുവതയുടെ അനു നിമിഷം വികസിതമാകുന്ന ജനാധിപത്യ ബോധത്തിന്റെ നേര്‍സാക്ഷ്യമാണ്.

സാമൂഹികമാധ്യമങ്ങളിലും മറ്റും നമ്മുടെ യുവത നേതൃത്വം നല്‍കിയ ചര്‍ച്ചകള്‍ ഈ മാറ്റത്തില്‍ വഹിച്ച പങ്കിനെ അംഗീകരിക്കുക തന്നെ വേണം. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ മുഖ്യധാരാ പ്രേവശനത്തിനുതകുന്ന വിളക്കുകാലുകള്‍ നാട്ടപ്പെട്ട വര്‍ഷമായിരുന്നു ഇത്. വിദ്യാര്‍ഥി യൂണിയനുകളുടെ ഉല്‍ഘാടനത്തിനും മറ്റു സാംസകാരിക സദസ്സുകളിലും ട്രാന്‍സ് സുഹൃത്തുക്കള്‍ ക്ഷണിക്കപ്പെട്ടത് പുരോഗമനപരമായ ദിശാ സൂചകമാണ്. 2017ല്‍ ട്രാന്‍സ് സഹോദരങ്ങള്‍ക്കൊപ്പം പങ്കിട്ട നിരവധി വേദികളെ അഭിമാനത്തോടെ ഓര്‍ക്കുന്നു.

വ്യക്തിയുടെ സ്വകാര്യതയെ മൗലികാ അവകാശമായി സുപ്രീം കോടതി പ്രഖ്യാപിച്ചതു ഇന്ത്യയിലെ കോടിക്കണക്കിനു മനുഷ്യരെ, വിശിഷ്യ യുവാക്കളെ ചെറുതായല്ല പ്രചോദിപ്പിച്ചത്. അന്ധമായ സദാചാര പോലീസിങ്ങും മറ്റു മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തികളും പ്രധാനമായും ലാക്കാക്കിയിരുന്നത് യുവാക്കളുടെ സ്വാതന്ത്ര്യത്തെ ആയിരുന്നു. സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിക്കുക വഴി, പൗരന്റെ അന്തസ്സിനെ മുറിപ്പെടുത്തുന്ന എല്ലാ നടപടികളെയും അപലപിക്കുകയാണ് കോടതി ചെയ്തത്.

കലയുടെ കലാപ പെരുക്കങ്ങള്‍കൊണ്ട് സജീവമായ വര്‍ഷമാണിത്. കല പ്രതിരോധത്തിന്റെ വിളക്കുകാലുകളായി നമ്മെ നയിച്ചപ്പോള്‍ യൗവനത്തിന്റെ ഫാസിസ്റ്റു വിരുദ്ധ ആയുധമായി കലാവിഷ്‌കാരങ്ങള്‍ മാറിയത് സ്വാഭാവികം മാത്രം.

ജിഷ്ണു പ്രണോയ് വധം കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ കാലങ്ങളായി തുടര്‍ന്ന് വന്ന ഇടിമുറി സംസ്‌കാരത്തെ വെളിച്ചത്തു കൊണ്ടുവന്നു. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി സമീപിപ്പിക്കുകയും വിദ്യാര്‍ഥിപക്ഷ നിലപാട് സ്വീകരിക്കുകയും ചെയ്തു. സ്വാശ്രയ കലാലയങ്ങളില്‍ കുട്ടികളെ അയക്കുന്നത് അഭിമാനമായി മാതാപിതാക്കള്‍ കണ്ടിരുന്ന അവസ്ഥയ്ക് സമൂലമായ മാറ്റമുണ്ടായി.

തങ്ങളുടെ പ്രേശ്‌നങ്ങള്‍ മാതാപിതാക്കളോടും പൊതു സമൂഹത്തോടും പങ്കു വെയ്ക്കാന്‍ വിദ്യാര്‍ത്ഥികളും തയാറായി. കേരളത്തിലെ കാമ്പസുകളില്‍ നിന്ന് ഒടുവിലത്തെ ഇടിമുറിയും പൂട്ടിയെന്നു ഉറപ്പാക്കിയ വര്‍ഷമാണിത്. ജിഷ്ണുവിന്, പ്രിയ സഹോദരന് സങ്കടത്തോടെ വിട. പ്രിയ ജിഷ്ണു, നിനക്ക് കേരളത്തിന്റെ മനസ്സില്‍ ഒരിക്കലും മരണമുണ്ടാവില്ല.

ജനാധിപത്യപരമായ രാഷ്ട്രീയ പ്രവര്‍ത്തനം കാമ്പസുകളില്‍ അനിവാര്യമാണെന്ന് കേരളത്തിന്റെ പൊതുമനസ്സു ചിന്തിക്കാന്‍ തുടങ്ങിയത് നല്ല ലക്ഷണമായി തന്നെ കാണാം. കാരണം നിരോധനങ്ങളുടെ കാലത്തു കാമ്പസുകള്‍ നിശബ്ദമായിരിക്കുന്നത് എന്നോര്‍ത്ത് നമ്മുക് അഭിമാനിക്കാം.

#ME too കാമ്പയിന്‍ 2017 എന്ന വര്‍ഷത്തെ ഇരകളുടേതു കൂടിയാക്കി. തനിക്കു നേരിടേണ്ടി വന്ന ആക്രമണം തുറന്നു പറഞ്ഞും നീതിക്കു വേണ്ടി പോരാടിയും പ്രിയ സുഹൃത്തായ കലാകാരി ലോകത്തുള്ള എല്ലാ ഇരകളുടെയും ഉയര്‍ത്തെഴുന്നേല്പിന്റെ ശബ്ദമായി. നന്ദി സുഹൃത്തേ, ഇരകള്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനുള്ള കരുത്തു നല്‍കിയതിന്.

നീതിക്കു വേണ്ടി തീയായതിന്. നിയമ വിദ്യാര്‍ത്ഥി ജിഷയുടെ ഘാതകന് അര്‍ഹിക്കുന്ന വിധി നല്‍കി കോടതിയും ഇരയ്‌ക്കൊപ്പം നിന്ന പ്രേത്യാശയുടെ വര്‍ഷമാണ് കടന്നു പോയത്

കാമ്പസ് യൂണിയനുകളുടെ തലപ്പത്തു മിടുമിടുക്കികളായ പെണ്‍കുട്ടികള്‍ മത്സരിച്ചു വിജയിച്ച നിരവധി അനുഭവങ്ങള്‍ക്കു പോയ വര്‍ഷം സാക്ഷിയായി. മഹാരാജാസിലും ഫാറൂകിലും കൊല്ലം എസ്എന്‍ കോളേജിലും ചവറ ബി.ജെ എം കോളേജിലും യൂണിയന്‍ തലപ്പത്തു പെണ്‍കുട്ടികള്‍ വന്നത് അഭിമാനത്തോടെ ചരിത്രത്തില്‍ അടയാളപ്പെടുത്തേണ്ടതുണ്ട്.

കാമ്പസുകളിലെ വിദ്യാര്‍ത്ഥി സമൂഹം പെണ്‍കുട്ടികളെ പ്രധാന അധികാര സ്ഥാനങ്ങളിലേക്ക് വിജയിപ്പിക്കുക വഴി തങ്ങളുടെ പുരോഗമന ബോധ്യങ്ങളെ ആട്ടിയുറപ്പിക്കുകയായിരുന്നു.

പാരിസ്ഥിതിക പ്രശ്‌നങ്ങളോടും പ്രതിബദ്ധതയോടെ നമ്മുടെ യുവത പ്രതികരിച്ചു. പ്ലാസ്റ്റിക് ഫ്രീ കാമ്പസ് പോലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി തങ്ങള്‍ ഭൂമിയോടു നീതി പുലര്‍ത്തും എന്ന് പ്രെഖ്യാപിക്കുക കൂടിയായിരുന്നു അവര്‍.

നമ്മുടെ യുവതയ്ക്ക് പുതിയ പാഠങ്ങള്‍ നല്‍കിയാണ് 2017 പടിയിറങ്ങുന്നത്. പ്രതീക്ഷകളുടെയും ആരംഭങ്ങളുടെയും ശേഷിപ്പുകള്‍ ബാക്കി വച്ച് ഒരാണ്ട് കൂടി പടിയിറങ്ങുമ്പോള്‍ യുവതലമുറ വരാനിരിക്കുന്ന വര്‍ഷവും യാത്ര തുടരേണ്ടതുണ്ട്. തുടരുന്ന യാത്രകള്‍ കൊണ്ട് പുതിയ വഴികളെ കണ്ടെത്തുകയും പൂരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

യാത്രകള്‍ക്കുള്ള ഊര്‍ജവും വെളിച്ചവും ഒപ്പമുണ്ടാകട്ടെ… അഭിവാദ്യങ്ങള്‍..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here