ആരോഗ്യമന്ത്രിയുടെ ഉറപ്പ്; ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം ഒത്തുതീര്‍പ്പായി.ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ചത്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടാത്ത സാഹചര്യം വന്നാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് അത് പ്രയാസമുണ്ടാകും. അത് പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കണം എന്നതായിരുന്നു സമരക്കാര്‍ പ്രധാനമായും ഉന്നയിച്ച ആവശ്യം.

ഈ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ക്കു പുറമേ സംഘടന പ്രതിനിധികളുടെ അഭിപ്രായമനുസരിച്ച് കൂടുതല്‍ വ്യക്തമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. സര്‍വീസില്‍ നിന്നും ഈ വര്‍ഷം പിരിയുന്നത് 44 പേരാണ്. അടുത്ത വര്‍ഷം പതിനാറ് പേരുമാണ് പിരിയുന്നത്.

പെന്‍ഷന്‍ പ്രായം വര്‍ധിച്ചതിന്റെ പേരില്‍ ഇവര്‍ പിരിയാതിരിക്കുന്നതിനാല്‍ ഉണ്ടാകുന്ന പ്രയാസം കണക്കിലെടുക്കണമെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, 175 പുതിയ തസ്തികകള്‍ മെഡിക്കല്‍ എഡ്യുക്കേഷന്‍ മേഖലയില്‍ സൃഷ്ടിച്ചിരിക്കുന്നതിനാല്‍ വിരമിക്കേണ്ടവര്‍ വിരമിക്കാതിരിക്കുന്നതിന്റെ പ്രയാസം പുതുതായി ജോലിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉണ്ടാകില്ല എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവരോട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

കൂടുതല്‍ ആളുകള്‍ക്ക് ജോലിയില്‍ പുതുതായി പ്രവേശിക്കാന്‍ കഴിയും.കൂടുതല്‍ തസ്തിക സൃഷ്ടിച്ച് പിജി കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിക്കാന്‍ ആവസരം ഉണ്ടാകണമെന്ന ആവശ്യം പരിഗണിക്കുമെന്നും ആര്‍ദ്രം മിഷന്റെ ഭാഗമായി കൂടുതല്‍ തസ്തിക സൃഷ്ടിക്കുമെന്നും മന്ത്രിമാധ്യമങ്ങളോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News