കോട്ടയത്തെ തന്റേടികളെക്കുറിച്ച് കൂടുതല്‍ പറയാനുണ്ടെന്ന് ശാരദക്കുട്ടി

കോട്ടയത്തെ സ്ത്രീകളെക്കുറിച്ച് മനോരമ ദിനപത്രത്തില്‍ വന്നതിനേക്കാള്‍ കൂടുതല്‍ പറയാനുണ്ടെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ‘എന്നാ നര്‍മ്മം, എന്നാ തന്റേടം’ എന്ന തലക്കെട്ടില്‍ തന്റെ പേരില്‍ മനോരമയില്‍ വന്ന കുറിപ്പിനാണ് കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകളുമായി ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.

മേരി റോയിയുടെ പോരാട്ടത്തക്കുറിച്ചെഴുതിയത് മനോരമ വെട്ടിച്ചുരുക്കി ഒറ്റവരിയിലൊതുക്കിയതാണ് കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്താന്‍ എഴുത്തുകാരിക്ക് പ്രേരണയായത്.

ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മനോരമക്കു കൊടുത്തതിങ്ങനെ. മനോരമ എടുത്തതിങ്ങനെ. എത്ര വാക്കുകൾ വേണമെന്നോ സ്ഥലപരിമിതിയെ കുറിച്ചോ ഒന്നും സൂചിപ്പിച്ചിരുന്നില്ല. മേരി റോയിയുടെ പോരാട്ടങ്ങൾ കുറഞ്ഞ വാക്കുകളിൽ ഞാൻ സൂചിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതു രേഖപ്പെടുത്താൻ മനോരമയിൽ സ്ഥലപരിമിതി സ്വാഭാവികമായും ഉണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കണമായിരുന്നു

കോട്ടയം പൊതുവേ തന്റേടത്തിനു പേരുകേട്ട നാടാണ്. പ്രത്യേകിച്ച് തന്റേടികളായ സ്ത്രീകളാണ് കോട്ടയത്തുള്ളതെന്ന് വടക്കർ പറയാറുണ്ട്.

എന്താണതിന്റെ അടിസ്ഥാനമെങ്കിലും ശരി അതൊരംഗീകാരമായാണ് ഞാൻ കണക്കാക്കുന്നത്. അലങ്കൃതമല്ലാത്ത, കർക്കശവും നൈസർഗ്ഗികവും ആയ ഭാഷണ ശൈലിയാണ് പൊതുവേ കോട്ടയംകാരുടേത്.

അതിൽ അമിത വിനയമോ കപട വിധേയത്വമോ തരിപോലുമുണ്ടാവില്ല കണ്ടു പിടിക്കുവാൻ. വടക്കുള്ളവർ കല്യാണമാലോചിക്കുമ്പോൾ പറഞ്ഞു കേൾക്കാറുണ്ട് കോട്ടയത്തെ പെണ്ണുങ്ങൾക്ക് ഭാഷയിൽ വിനയമില്ല എന്ന്. അതാണ് കോട്ടയം ഭാഷയുടെ കരുത്തും താൻ പോരിമയും.

കാരൂരിന്റെ മരപ്പാവകളിലെ നളിനിയെയും ബഷീറിന്റെ അയിഷുക്കുട്ടിയെയും പാത്തുമ്മയേയും ആ ‘ നുമ്മയേയും, മുപ്പത്തിരണ്ടാമത്തെ പിറന്നാൾ കഴിഞ്ഞന്ന് യേശുവിനെ അനിയാ എന്നു വിളിക്കാൻ തീരുമാനിക്കുന്ന സക്കറിയയുടെ അന്നമ്മ ടീച്ചറേയും നിങ്ങൾക്ക് കോട്ടയത്തെ തെരുവുകളിലോ പള്ളിമുറ്റങ്ങളിലോ പണിശാലകളിലോ കണ്ടെത്താൻ കഴിയും.

എൻ എൻ പിള്ളയുടെ ചുറ്റുമുണ്ടായിരുന്ന സ്ത്രീകൾ സംസാരിച്ചതൊക്കെത്തന്നെയല്ലേ അദ്ദേഹത്തിന്റെ നാടകത്തിൽ നാം കേട്ടത്? കോട്ടയത്തെ എന്റെ ലോകത്തിനു ചുറ്റും നടക്കുന്ന ഈ സ്ത്രീകളെപ്പോലെ കരുത്തുള്ളവരെ എന്റെ നാടകങ്ങളിലൊന്നും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല എന്ന് അദ്ദേഹം മാമ്മൻ മാപ്പിള ഹാളിൽ നിന്നു പ്രസംഗിക്കുമ്പോൾ അതു കേൾക്കാൻ ഞാനുമുണ്ടായിരുന്നു.

നടി ഒന്നുമായിരുന്നില്ലെങ്കിലും തന്റെ അമ്മയാണ് ലോകത്തിലെ ഏറ്റവും മികച്ച അഭിനേത്രി എന്ന് ആത്മകഥയിലൊരിടത്ത് അദ്ദേഹം പറയുന്നുണ്ട്.

കമിഴ്ന്നു വീണാൽ കാൽപ്പണം എന്ന് കോട്ടയം കാരെക്കുറിച്ചു ആക്ഷേപമായി പറഞ്ഞു കേൾക്കുന്നത്, അവരുടെ അധ്വാന ശീലത്തിനു കിട്ടിയ അംഗീകാരമായാണ് ഞാൻ കാണുന്നത്. വ്യത്യസ്തമായ ഒരു ഭുമിശാസ്ത്രവും സാമ്പത്തിക മനസ്സും കോട്ടയത്തിനുണ്ടാകാം. അധ്വാനവും അതിന്റെ കൊടുക്കൽ വാങ്ങലുകളുമായി ബന്ധപ്പെട്ട ആ തന്റേടവും നർമ്മബോധവുമാണ് കോട്ടയത്തെ സ്ത്രീകളിൽ പൊതുവേ ഞാൻ കണ്ടിട്ടുള്ളത്.

സൗന്ദര്യബോധം കോട്ടയത്തെ സ്ത്രീകൾക്കു കൂടുതലാണെന്ന് പരസ്യമായി സമ്മതിക്കുന്നത് അവിടെ വർഷാവർഷം വസ്ത്ര പ്രദർശനങ്ങൾക്കെത്തുന്ന വസ്ത്രവ്യാപാരികൾ തന്നെയാണ്. കോട്ടയത്തെ ഞാനാദരിക്കുന്ന സ്ത്രീകളിൽ ശീമാട്ടിയിലെ ബീനാ കണ്ണൻ ഉണ്ട്.

കാരൂരിന്റെ മകൾ എന്റെ അധ്യാപിക കൂടിയായ ബി.സരസ്വതിയുണ്ട്. വിശേഷണങ്ങളൊന്നും വേണ്ടാത്ത മിസിസ് കെ.എം. മാത്യു എന്ന അന്നമ്മക്കൊച്ചമ്മയുണ്ട്. അതിനെല്ലാം മേലെ മേരി റോയിയുണ്ട്.

ഇൻഡ്യയിലെ സ്ത്രീ വിമോചനത്തിന്റെ ചരിത്രമെഴുതിയാൽ അതിൽ മറക്കാനാവാത്ത ഒരധ്യായമായിരിക്കും 1986 ലെ സുപ്രീം കോടതി വിധി. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതക്കു വേണ്ടിയുള്ള മേരി റോയിയുടെ പോരാട്ടത്തിന്റെ ഫലമായിരുന്നു ആ വിധി.

ക്രിസ്ത്യാനിസ്ത്രീകളുടെ ടെ പിന്തുടർച്ചാവകാശം ഉറപ്പാക്കുന്നതിനായി തനിയെ നിന്ന് ഒരു സ്ത്രീ നടത്തിയ നിയമയുദ്ധം.സമൂഹത്തെയും മതത്തെയും കുടുംബത്തെയും അവഗണിച്ചു കൊണ്ട് അവർ നടത്തിയ ഒറ്റയാൾ പോരാട്ടം.

അതു മാത്രമല്ല മേരി റോയി. ആൺ – പെൺ സൗഹൃദങ്ങൾക്ക് സദാചാര വിലക്കേർപ്പെടുത്തുന്ന സാമ്പ്രദായിക വിദ്യാലയാധികാരികൾ ഒരിക്കലെങ്കിലും മേരി റോയ് നടത്തുന്ന പള്ളിക്കൂടം ഒന്നു സന്ദർശിക്കണം. അവിടെ നിന്ന് ചിലതു പഠിച്ചു തുടങ്ങണം. സമർഥരായി എങ്ങനെ പുതു തലമുറയെ വളർത്തിയെടുക്കണമെന്ന്, അരുന്ധതി റോയിയുടെ ഈ അമ്മ നിങ്ങൾക്കു കാണിച്ചു തരും.

എതാനും വര്‍ഷം മുന്‍പ് കോട്ടയത്ത് മേരി റോയിയുടെ സ്ക്കൂളില്‍ ജീസസ് ക്രൈസ്റ്റ് സൂപ്പര്‍ സ്റ്റാര്‍ (jesus christ super star)എന്ന ഓപ്പറെ സ്കൂളിന്‍റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി. യേശുക്രിസ്തുവും മഗ്ദലന മറിയവും കഥാപാത്രങ്ങളായിരുന്ന നാടകം അരങ്ങേറുന്ന ദിവസം പുരോഹിതരും റബ്ബര്‍ മുതലാളിമാരും കൂടെ മേരിറോയിയുടെ ജ്യേഷ്ഠനും അടങ്ങുന്ന ഒരു വലിയ സംഘം സ്കൂളിനു മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചു.

“അവള്‍ക്ക് കൂച്ചുവിലങ്ങിടുക, അവളുടെ കാലുകള്‍ തല്ലിയൊടിക്കുക, ഈ തെരുവില്‍ രക്തമൊഴുകും, ഈ സ്കൂളിന്നു തകര്‍ക്കും ഞങ്ങള്‍..” ഒടുവില്‍ സുപ്രീം കോടതിയുടെ അനുവാദം വാങ്ങിയാണ് ആ നാടകം അരങ്ങിലെത്തിച്ചത്.

മേരി റോയിയുടെ സ്കൂളിലെ കുട്ടികളെ അവരവരുടെ നാടുകളിലെ പള്ളികളിലെ ചടങ്ങുകളില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇത്രയൊക്കെയായിട്ടും മേരി റോയി സ്വന്തമായി ഒരു സാമ്രാജ്യം സൃഷ്ടിക്കുകയും അവിടുത്തെ മഹാരാജ്ഞിയായി വാഴുകയും ചെയ്യുന്നു. ഒരാണിന്‍റെയും ഒരു സഭയുടെയും പിന്തുണയില്ലാതെയാണ് ആ സാമ്രാജ്യം അവര്‍ ഉണ്ടാക്കിയെടുത്തത്.

മേരിറോയ് ഈ പ്രായത്തിലും ഷോര്‍ട്ട്സും ടീ ഷര്‍ട്ടും ധരിച്ചു നടക്കാന്‍ പോവുകയും നീന്തല്‍ക്കുളത്തില്‍ നീന്തുകയും ഒറ്റയ്ക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്തു ഇഷ്ടം പോലെ ജീവിക്കുകയുമാണ്. സ്ത്രീകളോട് സമൂഹവും നിയമവും മതനേതൃത്വവും യാതൊരു നാണവുമില്ലാതെ പ്രദര്‍ശിപ്പിക്കുന്ന നിഷേധാത്മകവും അന്യായവുമായ സമീപനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമ്പോള്‍ ഇവര്‍ക്കെതിരെ പള്ളിയും രാഷ്ട്രീയക്കാരും ഒറ്റക്കെട്ടായി നില്‍ക്കുന്നുണ്ടായിരുന്നു.

മേരി റോയിയുടെ നാടാണ് കോട്ടയം എന്ന് ലോകത്തിന്റെ നെറുകയിൽ കയറി നിന്ന് അഭിമാനത്തോടെ വിളിച്ചു പറയാൻ ഞാനാഗ്രഹിക്കുന്നു. കോട്ടയത്തെ സത്രീയായിരിക്കാൻ, അങ്ങനെ അറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നത് അത് മേരി റോയിയുടെ നാടായതിന്റെ പേരിലും കൂടിയാണ്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News