ബംഗളൂരു: സൂപ്പര്‍താരം രജനീകാന്ത് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ, താനും രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനയുമായി നടന്‍ പ്രകാശ് രാജ്. ബംഗളൂരു പ്രസ് ക്ലബ് നല്‍കിയ പേഴ്‌സണ്‍ ഒാഫ് ദ് ഇയര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വര്‍ഗീയരാഷ്ട്രീയം പിടിമുറുക്കുകയാണെന്നും ഭൂരിപക്ഷരാഷ്ട്രീയത്തിനെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

പ്രകാശ് രാജിന്റെ വാക്കുകള്‍:

രാജ്യത്ത് മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം ഏറി വരികയാണ്. ഹിറ്റ്‌ലറുടെ കാലത്തുണ്ടായിരുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

സ്വന്തം സമുദായം മാത്രം ലോകം ഭരിക്കണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ഇപ്പോള്‍ നമ്മുടെ രാജ്യത്തും ഇത്തരം ആളുകള്‍ക്ക് പിന്തുണ ഏറി വരികയാണ്. അതുകൊണ്ട് ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ ഞാന്‍ ഒരുക്കമാണ്.