തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വികലമായ ആരോഗ്യനയത്തിനെതിരെ ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും നടത്തുന്ന പണിമുടക്കില്‍ വലഞ്ഞ് രോഗികള്‍.

പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. ഒപിയും മറ്റ് സേവനങ്ങളും ഉണ്ടാകില്ല. അതേസമയം, അത്യാഹിതവിഭാഗത്തില്‍ അവശ്യസേവനം ഉറപ്പാക്കുന്നുണ്ട്.

ദേശീയ മെഡിക്കല്‍ കമീഷന്‍ (എന്‍എംസി) ബില്‍ ചൊവ്വാഴ്ച ലോക്‌സഭ ചര്‍ച്ചചെയ്യാനിരിക്കെ ഡോക്ടര്‍മാരുടെ സമരം. സ്വകാര്യ ആശുപത്രികളിലടക്കം ഡോക്ടര്‍മാര്‍ ജോലിയില്‍നിന്നുവിട്ടുനിന്ന് കരിദിനം ആചരിക്കുകയാണ്. ഐഎംഎ ഭാരവാഹികള്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കണ്ട് ആശങ്ക അറിയിച്ചു. ഹോമിയോആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധയുനാനി വൈദ്യന്മാര്‍ക്കും അലോപ്പതിചികിത്സ നടത്തുന്നതിന് ബ്രിഡ്ജ് കോഴ്‌സിന് രൂപംനല്‍കാനുള്ള ബില്ലിലെ വ്യവസ്ഥ ജനദ്രോഹപരമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

പണിമുടക്കുന്ന ഡോക്ടര്‍മാര്‍ പകല്‍ 11ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ഇതിനിടെ ബില്ലിലെ പ്രതിലോമനയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ രാജ്ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം മൂന്നാംദിവസത്തിലേക്ക് കടന്നു.

ആധുനിക വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാനുള്ള അധികാരം ചെറിയ കോഴ്‌സിലൂടെ ഹോമിയോആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സിദ്ധയുനാനി വൈദ്യന്മാര്‍ക്കും നല്‍കാനുള്ള നീക്കം വ്യാപകമായ വ്യാജവൈദ്യത്തിന് ഇടയാക്കുമെന്ന് ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.

സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 60 മുതല്‍ 100 ശതമാനംവരെ സീറ്റില്‍ ഫീസ് നിയന്ത്രണം എടുത്തുകളയുന്നതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അപ്രാപ്യമാകും. കോളേജ് അനുവദിക്കുന്നതിലും പരിശോധിക്കുന്നതിലും വ്യാപക അഴിമതിക്ക് ഇടയാക്കുന്നതാണ് ബില്‍. ജനാധിപത്യപരമായ മെഡിക്കല്‍ കൗണ്‍സിലിന് പകരം കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന കമീഷന്‍ ജനാധിപത്യസ്വഭാവവും സംസ്ഥാനങ്ങള്‍ക്കുള്ള പ്രതിനിധ്യവും ഇല്ലാതാക്കും.

എംബിബിഎസ് ബിരുദം നേടിയ ഡോക്ടര്‍മാര്‍ക്ക് പ്രാക്ടീസ് നടത്തുന്നതിന് ദേശീയ യോഗ്യതാപരീക്ഷ കൊണ്ടുവരാനുള്ള നീക്കം എന്‍ട്രന്‍സ് മാഫിയയെ സഹായിക്കാനുള്ളതാണ്. ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചകൂടാതെ പാസാക്കുകയാണെങ്കില്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.