ദില്ലി: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ രാജ്യസഭ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.
ബില്ലില്‍ മാറ്റം വേണമെന്നാണ് പ്രതിപക്ഷപാര്‍ട്ടികളുടെ ആവശ്യം. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ പ്രതിപക്ഷവുമായി ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
തുടര്‍ച്ചയായി മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധമായി കണക്കാക്കുന്ന ബില്‍ കുറ്റം തെളിഞ്ഞാല്‍ മൂന്നുവര്‍ഷം തടവും പിഴയും വ്യവസ്ഥ ചെയ്യുന്നു.
ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി മുത്തലാഖിനെ പരിഗണിക്കുന്നതിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ബില്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാമെന്ന വാദമാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡിനുള്ളത്.
രാജ്യസഭ കൂടി ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മുസ്ലീം സംഘടനകള്‍.
ലോക്‌സഭയില്‍ ബില്‍ പരിഗണിച്ചപ്പോള്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായം ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ മുന്നോട്ടുവച്ചു.
തൃണമൂല്‍ മാത്രമാണ് നിലവില്‍ പ്രതിപക്ഷനിരയില്‍ ബില്ലിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. മറ്റ് പ്രതിപക്ഷ പാര്‍ടികള്‍ യോജിച്ച് എതിര്‍ത്താല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകും.

Get real time update about this post categories directly on your device, subscribe now.