മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസ്സാക്കാന്‍ പ്രതിപക്ഷ പിന്തുണയ്ക്കായി കേന്ദ്ര സര്‍ക്കാറിന്റെ തീവ്രശ്രമം.സമവായ ചര്‍ച്ചകളെ മുന്‍നിര്‍ത്തി ബില്ലവതരണം നാളത്തേത്ത് മാറ്റി.അതേസമയം പ്രതിപക്ഷം നിര്‍ദ്ദശിക്കുന്ന ഭേഗദതികള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷ പിന്തുണയില്ലാതെ ബില്ല് പാസ്സാക്കാനാകില്ല.ബില്ലവതരണം രാജ്യസഭയുടെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതിപക്ഷം സഹകരിക്കില്ലെന്ന് വ്യക്തമായതോടെ സര്‍ക്കാര്‍ അടവ് മാറ്റി.പ്രതിപക്ഷ പാര്‍ട്ടികളുമായി സമവായത്തിലെത്തിയതിനുശേഷം നാളെ ബില്ലവതരിപ്പിക്കാനാണ് നീക്കം.

പ്രതിപക്ഷ ഭേദഗതികള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു.എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു തന്നെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.ഒറ്റയടിക്ക് മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മുന്നുവര്‍ഷം തടവുശിക്ഷ എന്ന വ്യവസ്ഥയിലാണ് പ്രതിപക്ഷം ഉടക്കി നില്‍ക്കുന്നത്.

ജാമ്യം ലഭിക്കുന്ന വകുപ്പാക്കിയാല്‍ പിന്തുണയ്ക്കാമെന്നാണ് കോണ്‍ഗ്രസ്സ് നിലപാട്.ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സി പി ഐ എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍.വിവാഹം വിവാഹ മോചനം തുടങ്ങിയ കാര്യങ്ങള്‍ സിവില്‍ നിയമത്തിന്റെ പരിധായിലാണെന്നിരിക്കേ മുത്തലാഖ് വഴിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്നത് ദുരുദ്ദേശപരമാണെന്ന് സി പി ഐ എം ചൂണ്ടിക്കാട്ടുന്നു.ഡി എം കെ, എ ഐ ഡി എം കെ ,ബി ജെ ഡി ,എസ് പി,ബി എസ് പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളും ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന നിലപാടിലാണ്.എന്നാല്‍ സെലക്ട് കമ്മറ്റിക്ക് വിട്ടാല്‍ ശീതകാലസമ്മേളനത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയില്ല എന്നതിനാല്‍ സര്‍ക്കാര്‍ അതിന് തയ്യാറല്ല.