മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍; ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചു പ്രതിപക്ഷം; സമവായത്തിന് ശ്രമിച്ച് കേന്ദ്രം

ദില്ലി: മുത്തലാഖ് ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും.ബില്ലവതരണത്തിന് മുന്‍പ് പ്രതിപക്ഷവുമായി സമവായത്തില്‍ എത്താനുള്ള തീവ്ര പരിശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.എന്നാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം.

സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ പ്രതിപക്ഷ പിന്തുണയില്ലാതെ ബില്ല് പാസ്സാക്കാനാകില്ലെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വെല്ലുവിളി.ഇന്നലെ ബില്ലവതരിപ്പിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും പ്രതിപക്ഷം സഹകരിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ബില്ലവതരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ തുടരുന്നത്.പ്രതിപക്ഷ ഭേദഗതികള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി രാജ്യസഭ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു തന്നെ ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

ഒറ്റയടിക്ക് മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മുന്നുവര്‍ഷം തടവുശിക്ഷ എന്ന വ്യവസ്ഥയിലാണ് പ്രതിപക്ഷം ഉടക്കി നില്‍ക്കുന്നത്.

ജാമ്യം ലഭിക്കുന്ന വകുപ്പാക്കിയാല്‍ പിന്തുണയ്ക്കാമെന്നാണ് കോണ്‍ഗ്രസ്സ് നിലപാട്.ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സി പി ഐ എം ഉള്‍പ്പെടെയുള്ള ഇടത് പാര്‍ട്ടികള്‍.

വിവാഹം വിവാഹ മോചനം തുടങ്ങിയ കാര്യങ്ങള്‍ സിവില്‍ നിയമത്തിന്റെ പരിധായിലാണെന്നിരിക്കേ മുത്തലാഖ് വഴിയുള്ള വിവാഹമോചനം ക്രിമിനല്‍ കുറ്റമാക്കുന്നത് ദുരുദ്ദേശപരമാണെന്ന് സി പി ഐ എം ചൂണ്ടിക്കാട്ടുന്നു.ഡി എം കെ, എ ഐ ഡി എം കെ ,ബി ജെ ഡി ,എസ് പി,ബി എസ് പി തുടങ്ങിയ പ്രതിപക്ഷ കക്ഷികളും ബില്ല് സെലക്ട് കമ്മറ്റിക്ക് വിടണമെന്ന നിലപാടിലാണ്.എന്നാല്‍ സെലക്ട് കമ്മറ്റിക്ക് വിട്ടാല്‍ ശീതകാലസമ്മേളനത്തില്‍ ബില്‍ പാസ്സാക്കാന്‍ കഴിയില്ല എന്നതിനാല്‍ സര്‍ക്കാര്‍ അതിന് തയ്യാറല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News